പാലപ്പള്ളം പാതയിൽ വാഹനാപകടം ഒഴിവാക്കാൻ നടപടിവേണം
1542318
Sunday, April 13, 2025 5:47 AM IST
ചിറ്റൂർ: വാഹന അപകടങ്ങളും മരണവും പതിവാകുന്ന പാലപ്പള്ളം പാതയിൽ പൊതുമരാമത്ത് നടപടി അനിവാര്യമായി. വാഹനങ്ങൾ ഇടയ്ക്കിടെ നേർക്ക് കുട്ടിയിടിക്കുന്നത് പതിവായിരിക്കുകയാണ്. രണ്ടാഴ്ച മുന്പ് ബസുമായി കൂട്ടിയിടിച്ച് ഇരുചക്രവാഹനം ഓടിച്ചയാൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച അപകടങ്ങളും മുന്പ് നടന്നിട്ടുണ്ട്.
ഈ സ്ഥലത്ത് ആവശ്യത്തിന് റോഡിന് വീതിയുണ്ടെങ്കിലും എതിരെവരുന്ന വാഹനങ്ങൾ ദൂരെ നിന്നും കാണാൻ സാധിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമാവുന്നത്. തൃശൂർ - കോയമ്പത്തൂർ അന്തർസംസ്ഥാന പാതയെന്നതിനാൽ രാപ്പകൽ വാഹനസഞ്ചാരമുള്ള പാതയാണിത്.
റോഡിനിരുവശത്തെ വീടുകളുടെ മറവും യാത്രക്കാർക്ക് വിഷമകരമായിരിക്കുകയാണ്. ഇത് പരിഹരിക്കാനുള്ള നടപടികൾ താമസംവിനാ നടപ്പാക്കണം. കമ്പിളിച്ചുങ്കം പരിസര പ്രദേശങ്ങളിൽ നിന്നും അടിയന്തരചികിത്സക്ക് താലുക്ക് ആശുപത്രിയിലേക്ക് ആംബുലൻസ് എത്താൻ പാലപ്പള്ളം അപകടമേഖല അതിജീവിക്കേണ്ടതായിട്ടുണ്ട്.
ചിറ്റൂർ ആശുപത്രി ജംഗ്ഷൻ മുതൽ നാട്ടുകൽവരെയുള്ള പ്രദേശങ്ങളിൽ നിരവധി വാഹന അപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്. അപകടം നടന്നാൽ സംഭവസ്ഥലത്തെത്തുന്ന പോലീസ് അധികൃതർ വിവരങ്ങൾ ശേഖരിച്ച് മടങ്ങുമ്പോൾ സ്ഥലത്തെ അപകടാവസ്ഥ പൊതുമരാമത്തേ് വകുപ്പിന് ശുപാർശ നൽകാറില്ല . ഇതുമൂലം ആവർത്തന അപകടങ്ങളും വർധിച്ച് വരുന്നത് യാത്രക്കാരെ ആശങ്കപ്പെടുത്തുകയാണ്.