വൈദ്യുതിവേലി ശാസ്ത്രീയമായി നിർമിച്ച് പരിപാലിക്കണം: കർഷകർ
1542330
Sunday, April 13, 2025 5:47 AM IST
കല്ലടിക്കോട്: കഴിഞ്ഞ ആഴ്ച കയറംകോട് അത്താണിപ്പറമ്പിൽ കുളത്തിങ്കൽ ജോസഫിന്റെ മകൻ അലന്റെ (24) ജീവൻ എടുത്തത് വനം വകുപ്പ് അധികാരികളുടെ അനാസ്ഥയെന്ന് പരാതി. വാളയാർ മുതൽ പാലക്കയം തരുപ്പപ്പതി വരെ നീണ്ടുകിടക്കുന്ന കല്ലടിക്കോടൻ മലനിരയുടെ ചുവട്ടിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്. ഈ പ്രദേശത്തെ നാട്ടുകാർ ഈ വിവരം വനംവകുപ്പിനേയും ദ്രുത കർമസേനയേയും ജനപ്രതിനിധികളേയും അപ്പപ്പോൾതന്നെ അറിയിക്കുന്നുമുണ്ടായിരുന്നു.
നാട്ടുകാരുടെ ഏറെനാളത്തെ പരാതികൾക്കൊടുവിൽ ഈ വനമേഖലയിൽ വൈദ്യുതിവേലി നിർമിക്കാൻ തീരുമാനിക്കുകയും നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
കാട്ടാനയുടെ കുത്തും ചവിട്ടും ഏറ്റ് മരിച്ച അലന്റെ വീടിനു സമീപം വനത്തിനോട് ചേർന്നൂള്ള സ്ഥലത്ത് വൈദ്യുതി വേലി വലിച്ച് കെട്ടിയെങ്കിലും വെള്ളം ഒഴുകി ചാലായ ഭാഗത്ത് 15 അടിയോളം ഉയരത്തിലാണ് വൈദ്യുതിവേലിയുടെ കമ്പി പോയിരിക്കുന്നത്.
ആനകൾക്ക് ഈ ചാലിലൂടെ കമ്പിയിൽ തട്ടാതെ കൃഷിയിടത്തിലേയ്ക്കും സമീപത്തെ വീടുകളിലേയ്ക്കും എത്താൻ കഴിയുമായിരുന്നു.വൈദ്യുതി വേലി നിർമിച്ചപ്പോൾ ഈ ഭാഗത്ത് ഒരു ലൈൻ കൂടി വലിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തായ്യാറായിരുന്നെങ്കിൽ അലൻ മരിക്കുകയും അമ്മയ്ക്ക് ഗുരുതരപരിക്കേൽക്കുകയും ഇല്ലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
വനം വകുപ്പ് നിർമിച്ച വൈദ്യുതി വേലികൾ പലഭാഗത്തും പൊട്ടിക്കിടക്കുകയാണ്. മരങ്ങൾ വീണ് വൈദ്യുതി വിഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വേലി നിർമിച്ച് പോകുന്നതല്ലാതെ അറ്റകുറ്റപ്പണികൾ നടത്താൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന പരാതിയും ഉണ്ട്.
ഫെൻസിംഗിന് ഇരുവശവും മിനിമം 15 മീറ്ററെങ്കിലും മരങ്ങൾ ഇല്ലാതെ ക്ലിയർ ചെയ്യണം. കേരളത്തിൽ 4000 കിലോ മീറ്ററിന് മുകളിലുള്ള വനത്തിന്റെ അതിരുകൾ ക്ലിയറിംഗ് അസാധ്യമാണ്. ആന കടന്നുവരും. 8 മില്ലീമീറ്റർ വാർക്കകമ്പി വലിഞ്ഞ് പൊട്ടാൻ 1100 കിലോ ഭാരം ചെലുത്തണം. വെറും 2 മില്ലീമീറ്റർ കമ്പി പൊട്ടാൻ 50 കിലോയുടെ മരക്കൊമ്പ് 10 മീറ്റർ ഉയരത്തിൽ നിന്നും വീണാൽ മതി.
വൈദ്യുതി കമ്പി കെട്ടിയ തൂണുകൾ ചവിട്ടിമറിക്കാൻ ആനകൾ പരിശീലിച്ചിരിക്കുന്നു. വള്ളിപടർപ്പ് കേറാതെ സൂക്ഷിക്കണം. വെട്ടി കളഞ്ഞാലും കാനലില്ലാത്തതിനാൽ വള്ളി 15 ദിവസത്തിനുള്ളിൽ വളരും. 3 ദിവസം മഴ പെയ്തില്ലെങ്കിൽ ഓരോ 25 മീറ്ററിലുമുള്ള എർത്തിംഗിൽ വെള്ളം ഒഴിച്ച് നനയ്ക്കണം, ഇല്ലെങ്കിൽ പവർ കുറയും. ഇതിനൊക്കെ ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാൽ വനം വകുപ്പിന് അസാധ്യമാണ്. കേരളത്തിൽ വനഭൂമിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മിക്കവാറും മഴയുള്ളതിനാലും അതിശക്തമായ ഇടിമിന്നൽ ഉള്ളതിനാലും കൂടുതൽ ശ്രദ്ധ ഉണ്ടാകണം.
10 അടി താഴ്ചയിൽ വനാതിർത്തിയിൽ ട്രഞ്ചെടുക്കുകയും ഉൾവശം കോൺക്രീറ്റ് ചെയ്ത് മിനുസപ്പെടുത്തുകയും മുകൾഭാഗത്ത് റെയിൽപാളം സ്ഥാപിക്കുകയും അതിനുമുകളിലായി ഹാംഗിംഗ് വൈദ്യുതിവേലി നിർമിക്കുകയും ചെയ്താൽമാത്രമേ കാട്ടാനകളും വന്യമൃഗങ്ങളും കൃഷിയിടത്തിലേക്ക് കടക്കാതിരിക്കൂ. അതിനുള്ള നടപടികളാണ് വനം വകുപ്പും സർക്കാരും സ്വീകരിക്കേണ്ടത്.