ഒറ്റപ്പാലത്ത് അഗ്നിരക്ഷാസേന യൂണിറ്റെന്ന പാഴ്പ്രഖ്യാപനത്തിന് ഒരു പതിറ്റാണ്ട്
1542555
Monday, April 14, 2025 12:55 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായില്ല. അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥാപിക്കാൻ താമരക്കുളത്തിനോട് ചേർന്ന സ്ഥലം അനുയോജ്യമാണെന്ന് നേരത്തെ കണ്ടത്തിയിരുന്നു.
അഗ്നിരക്ഷസേനാ ജില്ലാ ഓഫീസറാണ് പത്തൊമ്പതാം മൈലിലെ താമരക്കുളത്തിന് മുൻവശത്തുള്ള ഉയർന്നപ്രദേശം അനുയോജ്യമെന്ന് വിലയിരുത്തിയത്. യൂണിറ്റ് സ്ഥാപിക്കാനുള്ള അംഗീകാരത്തിനായി പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി കെ. പ്രേംകുമാർ എംഎൽഎയും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതിയെക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ല. പദ്ധതി കാര്യം നിയമസഭയിൽ ഉപക്ഷേപമായും ഉന്നയിച്ചിരുന്നതാണ്. കണ്ടെത്തിയ സ്ഥലത്ത് വലിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും.
പാലക്കാട്-കുളപ്പുള്ളി പാതയുടെ വളരെ അടുത്താണെന്നുള്ളതും അഗ്നിരക്ഷാസേനയുടെ വേഗത്തിലുള്ള സഞ്ചാരത്തിന് സഹായകമാവുന്നതാണ്. ഒപ്പം ആവശ്യത്തിന് വെള്ളം കുളത്തിലുണ്ടെന്നതും പ്രവർത്തനത്തിന് സഹായകരമാകുമെന്നായിരുന്നു വിലയിരുത്തൽ. നവീകരണം പൂർത്തിയായ താമരക്കുളത്തിൽ കുട്ടികളെ നീന്തൽപരിശീലിപ്പിക്കാൻ സഹായിക്കാമെന്ന് അഗ്നിരക്ഷാസേന അറിയിച്ചതായും എംഎൽഎ നേരത്തെ പറഞ്ഞിരുന്നതാണ്.
ഒറ്റപ്പാലത്ത് ഒരു അഗ്നിരക്ഷായൂണിറ്റ് തുടങ്ങുന്നുവെന്ന പ്രഖ്യാപനം വന്നിട്ട് ഒരു പതിറ്റാണ്ടുകാലമായി. സ്ഥലം ലഭിക്കാത്തതാണ് യൂണിറ്റ് തുടങ്ങുന്നതിന് തടസമായിരുന്നത്. ആദ്യം ലക്കിടി കിൻഫ്രപാർക്കിൽ സ്ഥലത്തിന് ശ്രമിച്ചിരുന്നെങ്കിലും ജലലഭ്യതപ്രശ്നംമൂലം ഒഴിവാക്കി. പിന്നീടാണ് താമരക്കുളത്തിന് സമീപത്തെ സ്ഥലത്തിലേക്കെത്തിയത്.
ഒറ്റപ്പാലത്തും പട്ടാമ്പിയിലും ഒരേസമയത്താണ് അഗ്നിരക്ഷാസേനയുടെ യൂണിറ്റ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്. പട്ടാമ്പിയിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്തുതന്നെ വാടകക്കെട്ടിടത്തിൽ പ്രവർത്തനംതുടങ്ങി.
എന്നാൽ ഒറ്റപ്പാലം ഇപ്പോഴും സ്ഥലം കണ്ടെത്തലിലെത്തിയിട്ടേയുള്ളൂ. ഇപ്പോഴുള്ള ഷൊർണൂർ അഗ്നിരക്ഷാസേനയ്ക്ക് ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശേരി എന്നീ മൂന്ന് നഗരസഭകളുൾപ്പെടെയുള്ള വലിയ പരിധിയാണുള്ളത്.