വനംവകുപ്പ് ജോലികൾക്ക് വർധിപ്പിച്ച കൂലി നൽകണം: മനുഷ്യാവകാശ കമ്മീഷൻ
1542310
Sunday, April 13, 2025 5:47 AM IST
പാലക്കാട്: പറന്പിക്കുളം വനമേഖലയിൽ വനംവകുപ്പിന്റെകീഴിൽ നടക്കുന്ന റോഡിന്റെ ഇരുവശവും വെട്ടൽ, വയൽ വെട്ടൽ, ട്രക്ക് പാത, ഫയർ ലൈൻ തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവരുടെ ദിവസക്കൂലി 375 രൂപയിൽ നിന്നും 857 രൂപയായി ഉയർത്തിയിട്ടുണ്ടെന്ന് പറന്പിക്കുളം കടുവാസങ്കേതം ഡപ്യൂട്ടി ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കരാറുകാർ തുച്ഛമായ കൂലി നൽകുന്നതിനെതിരെ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പുതുക്കിയ തുക ജോലിക്കാർക്ക് നൽകാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പിലെ ജോലികൾ ടെണ്ടർ സംവിധാനത്തിലൂടെയാണ് കരാറുകാർക്ക് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള നിരക്കുകളാണ് അനുവദിക്കുന്നത്. റിപ്പോർട്ട് പരാതിക്കാരനായ സതീഷ് കുമാറിന് അയച്ചുകൊടുത്ത് കമ്മീഷൻ കേസ് തീർപ്പാക്കി.