പന്നിയങ്കര ടോൾപ്ലാസയിൽ നാലുചക്ര ഓട്ടോതൊഴിലാളികൾ സമരം നടത്തി
1542559
Monday, April 14, 2025 12:55 AM IST
വടക്കഞ്ചേരി: സർവകക്ഷി യോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ നാലു ചക്ര ഓട്ടോ-ടാക്സി ഡ്രൈവർമാരും തൊഴിലാളികളും പ്രതിഷേധ സമരം നടത്തി. പ്രതിഷേധയോഗം ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി താജുദ്ദീൻ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനകീയവേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ. അച്യുതൻ, കൺവീനർ കെ. ശിവദാസ്, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി സുലൈമാൻ കാസിം, ജനകീയ വേദി ട്രഷറർ മോഹനൻ പള്ളിക്കാട് എന്നിവർ പ്രസംഗിച്ചു.
കെ. രാധാകൃഷ്ണൻ എംപിയുടെ അധ്യക്ഷതയിൽ പി.പി. സുമോദ് എംഎൽഎ, കെ.ഡി. പ്രസേനൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നാലുചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. എന്നാൽ സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ച് ടോൾ കമ്പനി മുന്നോട്ടുപോകുന്ന സ്ഥിതിയാണിപ്പോൾ. യോഗതീരുമാനത്തിന് വിരുദ്ധമായി ടോൾ കമ്പനി പ്രവർത്തിച്ചാൽ സമരം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. ടോൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ നാലുചക്ര ഓട്ടോറിക്ഷകളെ അടുത്ത ഉന്നതതല ചർച്ച നടക്കുന്നതുവരെ സൗജന്യട്രാക്കിലൂടെ കടത്തിവിടാൻ ധാരണയായിട്ടുണ്ട്.