വരോട് മേഖലയിൽ വിഷുക്കാലത്തും കുടിവെള്ളമില്ല
1542312
Sunday, April 13, 2025 5:47 AM IST
ഒറ്റപ്പാലം: വരോടുകാർക്ക് വിഷുക്കണിയല്ല, വെള്ളമാണ് വേണ്ടത്. നഗരസഭയായിരുന്നിട്ടും മേഖലയിൽ പത്തുദിവസമായി കുടിവെള്ളമില്ല. അനങ്ങൻമല, വരോട്, ചേരിക്കുന്ന്, പനമണ്ണ വായനശാല, വീട്ടാമ്പാറ, കോലോത്തുപറമ്പ് വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങളാണു കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായത്.
തുടർന്ന് നഗരസഭാ കൗൺസിലർമാർ ജലഅഥോറിറ്റി ഓഫീസിൽ പ്രതിഷേധിച്ചു. തോട്ടക്കര അരിയൂർ തെക്കുമുറിയിലും ആറുദിവസമായി കുടിവെള്ളമെത്തുന്നില്ല.
തുടർച്ചയായി പെയ്ത മഴയിൽ മീറ്റ്ന തടയണ ജലസമൃദ്ധമാണെങ്കിലും വിതരണത്തിലെ പ്രശ്നമാണു കുടിവെള്ളമെത്താത്തതിനു കാരണമെന്നാണ് ആരോപണം.
പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ ജലസംഭരണിയിൽനിന്നാണ് ഈ വാർഡുകളിലേക്കെല്ലാം വെള്ളം വിതരണംചെയ്യുന്നത്. വിവിധ വാർഡുകളിൽ പഴയ പൈപ്പ് ലൈൻ മാറ്റി പുതിയവ സ്ഥാപിക്കുന്നുണ്ട്. പൈപ്പിട്ടയിടങ്ങളിൽ വെള്ളമെത്തുന്നുമില്ല.
വിതരണം നടക്കുന്നയിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളിലേക്കും വെള്ളമെത്തുന്നില്ല. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി പൂർത്തിയാക്കി വ്യാഴാഴ്ച വെള്ളം വിതരണം നടത്താമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നതെന്നു കൗൺസിലർമാർ പറഞ്ഞു. ഇതു നടപ്പാകാതെ വന്നതോടെയാണ് ജല അഥോറിറ്റി ഓഫീസിൽ കൗൺസിലർമാർ പ്രതിഷേധവുമായെത്തിയത്.
ഉടൻ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. അബ്ദുൾ നാസർ, ടി. ലത, കൗൺസിലർമാരായ പി. ശ്രീകുമാർ, അക്ബറലി, സബിത മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.