മദ്യനിർമാണശാലയുടെ അനുമതി റദ്ദാക്കി വേണം ലഹരിവിരുദ്ധ പോരാട്ടം: ആക്ട്സ്
1542311
Sunday, April 13, 2025 5:47 AM IST
പാലക്കാട്: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി മതമേലധ്യക്ഷരുടെ യോഗം വിളിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ നീക്കം ആത്മാർഥതയോടെയാണെങ്കിൽ എലപ്പുള്ളിയിലെ നിർദിഷ്ട മദ്യനിർമാണ ശാലയ്ക്കു നൽകിയ അനുമതി റദ്ദു ചെയ്യണമെന്ന് ക്രൈസ്തവസഭാ സംഘടനകളുടെ കൂട്ടായ്മയായ ആക്ട്സ് ആവശ്യപ്പെട്ടു.
മദ്യവ്യാപനം കൂട്ടുവാൻ ശ്രമിക്കുന്നവർക്ക് എങ്ങനെ ലഹരിവിരുദ്ധ പ്രവർത്തനം നടത്തുവാൻ കഴിയും. മദ്യത്തിൽ നിന്നും മയക്കുമരുന്നിലേക്ക് വഴുതിവീഴുന്ന തലമുറയാണ് നമ്മുടേത്. മയക്കുമരുന്നു മാത്രമാണ് ലഹരിയെന്നുള്ള സർക്കാർ നിലപാട് പരിഹാസ്യമാണ്. മദ്യത്തിന്റെ കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ വെള്ളത്തിൽ വരച്ച വരപോലെയാകും സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടമെന്ന് ആക്ട്സ് ചൂണ്ടിക്കാട്ടി.
എലപ്പുള്ളി മദ്യനിർമാണശാലക്കെതിരെ രൂപീകരിച്ചിരിക്കുന്ന എലപ്പുള്ളി പോരാട്ട ജനകീയസമിതിയുടെ ഓഫീസ് ഉദ്ഘാടനം 15ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിക്കുമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അറിയിച്ചു.