ചിറ്റൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനു നേരേ ജലപീരങ്കി പ്രയോഗം
1542328
Sunday, April 13, 2025 5:47 AM IST
ചിറ്റൂർ: അനർട്ട് സോളാർ പദ്ധതിയിൽ കോടികളുടെ ക്രമക്കേട് ആരോപിച്ച് ചിറ്റൂർ എംഎൽഎ കെ. കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടു മണിക്കൂറോളം പ്രദേശം സംഘർഷ ഭരിതമായി. ചിറ്റൂർ കച്ചേരിമേട്ടിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ഇത് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തിവീശിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മാർച്ച് ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞിട്ടും സംഘർഷം അവസാനിക്കാതിരുന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ബാരിക്കേഡ് മറികടന്ന യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രാഹുൽ കൃഷ്ണ, ജിസാൻ മുഹമ്മദ്, പ്രമോദ് എന്നിവർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് കെ.എസ് . ജയഘോഷ് അധ്യക്ഷത വഹിച്ച മാർച്ചിന് സംസ്ഥാന ഭാരവാഹികളായ ഷെഫീഖ് അത്തിക്കോട്, പ്രതീഷ് മാധവൻ, സി. വിഷ്ണു, ജിതേഷ് നാരായണൻ എന്നിവർ നേതൃത്വം നൽകി.
ജില്ലാ ഭാരവാഹികളായ രതീഷ് പുതുശേരി, ശ്യാം ദേവദാസ്, വത്സൻ പെരുവെമ്പ്, ഷെഫീഖ് തത്തമംഗലം, മുഹമ്മദ് ഗിസാൻ, നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കോട്ടപ്പാടം, മുഹമ്മദ് നവാസ് ചിറ്റൂർ തുടങ്ങിയവർ പ്രസംഗിച്ചു . ചിറ്റൂർ - വണ്ണാമട പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗത സ്തംഭനവും ഉണ്ടായി.