ഒറ്റപ്പാലം നഗരത്തിൽ ഗതാഗതക്കുരുക്ക്
1542322
Sunday, April 13, 2025 5:47 AM IST
ഒറ്റപ്പാലം: വിഷു അടുത്തതോടെ ഒറ്റപ്പാലം പട്ടണത്തെ വലച്ച് ഗതാഗതക്കുരുക്ക്. രാവിലെ മുതൽ മണിക്കൂറുകളോളം തുടർന്ന ഗതാഗതക്കുരുക്കിൽ നിരവധി വാഹനങ്ങളാണ് വലഞ്ഞത്. ഈസ്റ്റ് ഒറ്റപ്പാലം മുതൽ കണ്ണിയംപുറം വരെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്ക് പതിവാണ്. നഗരത്തിൽ പാലക്കാട്-കുളപ്പുള്ളി പാതയിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ക്രമേണ ടിബി റോഡിലേക്കും വ്യാപിക്കുന്നതോടെ പട്ടണം സ്തംഭിക്കുകയാണ്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനാകാത്ത വിധത്തിലാണ് തിരക്ക്. വശങ്ങൾ നോക്കാതെ വാഹനങ്ങൾ ഇഷ്ടത്തിനനുസരിച്ച് സഞ്ചരിക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് പോലീസിന്റെ നിരന്തരമായ പരിശ്രമങ്ങൾക്കും പരിഹാരം കാണാനായില്ല. ഗതാഗതനിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. വിഷുത്തിരക്ക് പരിഗണിച്ച് കൂടുതൽ പോലീസുകാരെ ഗതാഗത നിയന്ത്രണത്തിനായി ചുമതലപ്പെടുത്തുന്നുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.