അപകടത്തിൽപ്പെട്ട് കാൽ ഒടിഞ്ഞ മോഷ്ടാക്കളെ പിടികൂടി
1542316
Sunday, April 13, 2025 5:47 AM IST
കോയന്പത്തൂർ: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് അപകടത്തിൽപ്പെട്ട് കാൽ ഒടിഞ്ഞ നിലയിൽ രണ്ട് മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടേരി റോഡ് നിവാസിയായ അംബ്രോസ് (28), രത്നപുരി സുബ്ബത്തൽ ലേഔട്ട് നിവാസിയായ ലോറൻസ് (27) എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഗൗതം എന്നയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്പോൾ ഇവർ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞിരുന്നു. ഈ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം രാത്രി മദ്യലഹരിയിലായിരുന്ന രണ്ടു മോഷ്ടാക്കളും ബൈക്കിൽ വരവേ കണ്ണപ്പൻ നഗർ മേൽപ്പാലത്തിൽ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. വഴിയാത്രക്കാരാണ് ഇവരെ രക്ഷിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും വലതുകാല്‍ ഒടിഞ്ഞതായി ഇവരെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.