റെയിൽവേ പാളങ്ങൾക്കു സമീപം വളർത്തുമൃഗങ്ങളെ മേയാൻ വിടുന്നത് തടയണം
1542552
Monday, April 14, 2025 12:55 AM IST
പുതുനഗരം: പാലക്കാട് -പൊള്ളാച്ചി റെയിൽപ്പാതയിൽ വളർത്തുമൃഗങ്ങളെ മേച്ചിലിനു വിടുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. മീനാക്ഷിപുരം മുതൽ യാക്കരപ്പാലം വരേയുള്ള ലൈനിലാണ് പശു, ആട് ഉൾപ്പെടെ മൃഗങ്ങളെ മേയാൻവിടുന്നത്.
ചരക്ക്, പാസഞ്ചർ ട്രെയിനുകൾക്കു പുറമേ സർവീസ് എൻജിനുകളും ഇടയ്ക്കിടെ ഓടുന്ന റെയിൽവേ ട്രാക്കുകളിൽ ആളുകൾ നടക്കുന്നതും മൃഗങ്ങളെ മേച്ചിലിനു വിടുന്നതിനും നിരോധനം നിലവിലുണ്ട്. ഇവവരുന്നത് സംബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാറുള്ളത്.
ചിലർ റെയിൽപാളങ്ങൾക്ക്സമീപത്തെ വൃക്ഷങ്ങളിൽ കയറിൽ തളച്ച് മേച്ചിലിനു വിടാറുണ്ട്. ട്രെയിൻ വരുന്ന ശബ്ദം കേട്ടാൽ ഇത്തരം മൃഗങ്ങൾ പരക്കംപായുന്നതും കയറുപൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതും പതിവാണ്. ഈ സംഭവം ട്രെയിൻ സഞ്ചാരത്തിനും ഭീഷണിയാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതലമട നാവിളുംതോട്ടിൽ റെയിൽവേ പാളങ്ങൾക്കിടയിൽ നടക്കുകയായിരുന്ന 13 പശുക്കൾ ട്രെയിനിടിച്ച് ചത്തിരുന്നു.
തമിഴ്നാട് ഭാഗത്തുനിന്നുമാണ് പശുക്കൾ ട്രാക്കിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുതലമട പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും അപകടം നടന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് മൃഗങ്ങളുടെ ജഡം പഞ്ചായത്ത് ചെലവിൽ സംസ്കാരം നടത്തി.