മൂന്നു വർഷത്തിനുശേഷം കോയമ്പത്തൂരിൽ ജെല്ലിക്കെട്ട് 25 ന്
1542317
Sunday, April 13, 2025 5:47 AM IST
കോയന്പത്തൂർ: മൂന്ന് വർഷത്തിനുശേഷം നടക്കുന്ന കോയമ്പത്തൂർ ജെല്ലിക്കെട്ട് 25 ന് എൽ ആൻഡ് ടി ബൈപ്പാസ് ചെട്ടിപാളയത്തിന് സമീപം നടക്കും. മത്സരം തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി ഉദ്ഘാടനം ചെയ്യും.
തമിഴരുടെ പരമ്പരാഗത വീരോചിത കായിക വിനോദമായ ജെല്ലിക്കെട്ട് പൊങ്കലിനോടനുബന്ധിച്ച് വിവിധ ജില്ലകളിൽ നടന്നു. അതേസമയം മൂന്ന് വർഷത്തിന് ശേഷമാണ് കോയമ്പത്തൂരിൽ മത്സരം നടക്കുന്നത്. തമിഴ് കൾച്ചറൽ ജെല്ലിക്കെട്ട് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റും ഡിഎംകെ സൗത്ത് ജില്ലാ സെക്രട്ടറിയുമായ ദളപതി മുരുകേശൻ, വൈസ് പ്രസിഡന്റ് വിശ്വനാഥൻ, കൗൺസിൽ സെക്രട്ടറി കൃഷ്ണമൂർത്തി, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ നേരിട്ട് എത്തി മത്സരത്തിനുള്ള ആദ്യ ക്ഷണം കോയമ്പത്തൂർ ജില്ലാ ചുമതലയുള്ള മന്ത്രി സെന്തിൽ ബാലാജിക്ക് നൽകി. മധുര, തേനി, വിരുദുനഗർ, ദിണ്ടിഗൽ, സേലം, ധർമ്മപുരി, കോയമ്പത്തൂർ തുടങ്ങി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള 800 ലധികം കാളകളും 500 ലധികം കാളപ്പോരാളികളും മത്സരത്തിൽ പങ്കെടുക്കും.
വിജയികൾക്ക് സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ നൽകും. കാണികൾക്ക് ഇരുന്ന് മത്സരം കാണാൻ കഴിയുന്ന തരത്തിൽ ഗാലറികളും സജ്ജീകരിക്കും.