ശ്രീകുറുംബ ട്രസ്റ്റിന്റെ മൂന്നാംഘട്ട വീടുകളുടെ തറക്കല്ലിടൽ നാളെ
1537970
Sunday, March 30, 2025 6:30 AM IST
വടക്കഞ്ചേരി: ശ്രീകുറുമ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗൃഹശോഭ ഭവന പദ്ധതിയുടെ മൂന്നാംഘട്ട തറക്കല്ലിടൽ നാളെ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് മൂലങ്കോട് നടക്കുന്ന ചടങ്ങിൽ മന്ത്രി പ്രഫ. ആർ. ബിന്ദു തറക്കല്ലിടൽ നിർവഹിക്കും. തുടർന്ന് ട്രസ്റ്റിന്റെ മൂലങ്കോടുള്ള ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കിഴക്കഞ്ചേരി പഞ്ചായത്തിൽ മാത്രമായി മൂന്നാംഘട്ടത്തിൽ 120 വീടുകളാണ് നിർമിക്കുന്നത്. ഓരോ വീടുകളുടെ തറക്കല്ലിടലും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖർ നിർവഹിക്കും. വിവിധ സ്ഥലങ്ങളിലായി രാവിലെ എട്ടരയ്ക്ക് തറക്കല്ലിടൽ ആരംഭിക്കും.തുടർന്നാണ് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടി. ഈ വീടുകളുടെ നിർമാണം അടുത്ത ഡിസംബറോടെ പൂർത്തിയാക്കും. 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിർമിക്കുന്നത്. നേരത്തെ 230 വീടുകളുടെ നിർമാണം ട്രസ്റ്റ് പൂർത്തിയാക്കിയിരുന്നു.
ആയിരം സ്ത്രീകൾക്ക് ആയിരം വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതാണ് ഗൃഹശോഭ എന്ന സാമൂഹ്യഭവന പദ്ധതി. വീട് എന്ന കെട്ടിടത്തിനപ്പുറം ഹാപ്പി ഹോംസ് എന്ന തലത്തിൽ ദീർഘവീക്ഷണത്തോടെയുള്ള തുടർ പദ്ധതികളും ട്രസ്റ്റ് നടത്തുന്നുണ്ട്.കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം, സാമ്പത്തിക അച്ചടക്കം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലുമുണ്ട് ട്രസ്റ്റിന്റെ ഇടപെടലുകൾ.
വീടുകളുടെ മെയിന്റനൻസ് വർക്കുകൾക്കും പദ്ധതിയുണ്ട്. സ്ത്രീകൾക്കുള്ള തൊഴിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കുള്ള ചികിത്സ, ഭക്ഷണവിതരണം, സമൂഹ വിവാഹം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായങ്ങൾ എന്നിവയെല്ലാം ട്രസ്റ്റ് നൽകി വരുന്നുണ്ട്.
കിഴക്കഞ്ചേരിക്കു പുറമെ വടക്കഞ്ചേരി , കണ്ണമ്പ്ര എന്നീ മൂന്ന് പഞ്ചായത്തുകളെ പൂർണമായും ഏറ്റെടുത്തുകൊണ്ടാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.പത്രസമ്മേളനത്തിൽ ട്രസ്റ്റ് സീനിയർ മാനേജർ പി.പരമേശ്വരൻ, സാമൂഹ്യ ശാക്തീകരണ വിഭാഗം മാനേജർ ഹരിദാസ് പങ്കെടുത്തു.