വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് നൽകി മണ്ണാർക്കാട് നഗരസഭ
1537966
Sunday, March 30, 2025 6:30 AM IST
മണ്ണാർക്കാട്: നഗരസഭയിലെ 60 വയസ് കഴിഞ്ഞ മുഴുവൻ വയോജനങ്ങൾക്കും പോഷകാഹാരകിറ്റ് വിതരണം ചെയ്ത് മണ്ണാർക്കാട് നഗരസഭ. 2500 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റുകൾ നൽകുന്നത്. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ വിതരണഉദ്ഘാടനം നിർവഹിച്ചു.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയുടെ പദ്ധതികളിൽനിന്ന് വ്യത്യസ്തമായി ഇന്നവേഷൻ പ്രോജക്ടിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടുലക്ഷം രൂപയുടെ ചുവടെ വരുമാനമുള്ള നഗരസഭയിലെ 60 വയസ് പൂർത്തിയായ മുഴുവൻ വയോജനങ്ങൾക്കും കിറ്റുകൾ നൽകും. ജില്ലയിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം വയോജനങ്ങൾക്കായി ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.
ഗോതമ്പുപൊടി, നുറുക്ക്, റാഗി, മട്ട അവൽ, ഓട്സ്, ഈത്തപ്പഴം, ചായപ്പൊടി, കടല, ചെറുപയർ തുടങ്ങി പത്തോളം സാധനങ്ങളാണ് കിറ്റിലുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് 6, 7, 12, 13, 14, 15,16 എന്നി വാർഡുകളിലെ അറുന്നൂറോളം ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. ബാക്കി വാർഡുകളിലെ ഗുണഭോക്താക്കൾക്ക് വരുംദിവസങ്ങളിൽ വിതരണം ചെയ്യും.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാസിത സത്താർ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ പ്രസീത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെഫീക്ക് റഹ്മാൻ, കൗൺസിലർമാരായ അരുൺകുമാർ പാലകുറിശി, ഇബ്രാഹിം, കയറുന്നിസ, മുജീബ് ചോലോത്ത്, കമലാക്ഷി, ലക്ഷ്മി, അമുദ, കദീജ, യൂസഫ് ഹാജി, നഗരസഭാ സെക്രട്ടറി സതീഷ് കുമാർ, നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ, പദ്ധതി ഇംപ്ലിമെന്റ് ഓഫീസർ ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.