ഭാരതമാത കോളജിന് നെറ്റ്സീറോ കാർബണ്‍ പദവി
1537975
Sunday, March 30, 2025 6:30 AM IST
കൊഴിഞ്ഞാന്പാറ: പരിസ്ഥിതി സംരക്ഷണരംഗത്ത് മികച്ചനേട്ടം കൈവരിച്ച് ഭാരതമാത ആർട്സ് ആന്റ് സയൻസ് കോളജ് ജില്ലയിൽ ആദ്യമായി നെറ്റ് സീറോ കാർബണ്‍ പദവി നേടി. സുസ്ഥിരവികസനം ലക്ഷ്യമാക്കി കോളജ് വർഷങ്ങളായി നടപ്പിലാക്കിയ പരിസ്ഥിതി സംരക്ഷണപദ്ധതികളുടെ നേട്ടമായാണ് ഈ അംഗീകാരം.
കോളജിൽ സൗരോർജ ഉൗർജ ഉപയോഗം, പ്ലാസ്റ്റിക്രഹിത കാന്പസ്, വസ്ത്രമാലിന്യ പുനരുപയോഗപദ്ധതി, മഴവെള്ള സംഭരണം, ജീവാവിഭവ കൃഷി, സുസ്ഥിര മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികൾ പരിസ്ഥിതിയോട് പൊരുത്തപ്പെടുന്ന രീതിയിൽ കർശനമായി നടപ്പിലാക്കിയതാണ് ഈ അംഗീകാരത്തിന് വഴിവച്ചത്. തിരുവനന്തപുരം പരിസ്ഥിതി സംഗമത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 75 നെറ്റ് സീറോ കാർബണ്‍ സ്ഥാപനങ്ങളിലെ പാലക്കാട് ജില്ലയിലെ ആദ്യ കലാലയമാണ് ഭാരതമാത കോളജ് എന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സതീഷിൽ നിന്നും കോളജ് പ്രിൻസിപ്പൽ റവ.ഡോ പോൾ തേക്കാനത്ത് നെറ്റ് സീറോ കാർബണ്‍ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.