കൊടുംചൂടിൽ ഒറ്റപ്പാലത്തിന് തണലൊരുക്കി അയ്യപ്പന്റെ മരങ്ങൾ
1537968
Sunday, March 30, 2025 6:30 AM IST
ഒറ്റപ്പാലം: കൊടുംചൂടിന്റെ വറുതിയിൽ നാടും നഗരവും വെന്തുരുകുമ്പോൾ ഒറ്റപ്പാലത്തിന് പച്ചപ്പിന്റെ കുടചൂടിച്ച സന്തോഷത്തിലാണ് യു. അയ്യപ്പൻ. പ്രകൃതിസ്നേഹിയായ ഒറ്റപ്പാലത്തിന്റെ അയ്യപ്പൻ വേനൽചൂടിലും വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിന്റെ തിരക്കിലാണ്. മനുഷ്യന് തണലേകുന്ന മരങ്ങൾക്കും കനിവേകണമെന്നാണ് അയ്യപ്പന്റെ സിദ്ധാന്തം. ഔദ്യോഗികജീവിതത്തിൽ നിന്നു വിരമിച്ചെങ്കിലും ഒറ്റപ്പാലം നഗരസഭാ മുൻ ഉദ്യോഗസ്ഥനും പരിസ്ഥിതി പ്രവർത്തകനുമായ യു. അയ്യപ്പനു വിശ്രമമില്ല.
നഗരസഭയിൽ ജോലി ചെയ്തിരുന്ന കാലത്ത് മായന്നൂർപ്പാലം അപ്രോച്ച് റോഡിൽ നട്ടുവളർത്തിയ ഫലവൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും ഒറ്റപ്പാലത്തിന് തണലൊരുക്കി പച്ചവിരിച്ച് പൂത്തുനിൽക്കുന്നുണ്ട്.
ഇവയെ ഇപ്പോഴും സംരക്ഷിക്കുന്ന തിരക്കിലാണു കണ്ണിയംപുറം സ്വദേശിയായ അയ്യപ്പൻ. നഗരസഭയുടെ 2013 ലെ ഹരിത വനവത്ക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃക്ഷങ്ങൾ നട്ടതും മുളങ്കൂട്ടം ഒരുക്കിയതും. റവന്യൂവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന പരിസ്ഥിതി പ്രവർത്തകൻ യു. അയ്യപ്പന്റെ ആശയം ഉൾക്കൊണ്ടായിരുന്നു പദ്ധതി. വേഗത്തിൽ പദ്ധതി നടപ്പാക്കിയതും അയ്യപ്പന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു.
പിന്നീടു കൃത്യമായ ഇടവേളകളിൽ സ്വന്തം നിലയിലാണ് അയ്യപ്പൻ ഇവയെ പരിപാലിച്ചിരുന്നത്. വൃക്ഷങ്ങൾ പലതും കായ്ച്ചുതുടങ്ങി. മുളകൾ പടർന്നുപന്തലിച്ചു. കുന്നംകുളം നഗരസഭയിൽ നിന്നു റവന്യൂ സൂപ്രണ്ടായി കഴിഞ്ഞ ഏപ്രിലിൽ വിരമിച്ച അയ്യപ്പൻ ഇപ്പോഴും മായന്നൂർപ്പാലം പരിസരത്തെ മരങ്ങളും മുളങ്കൂട്ടവും സ്വന്തം നിലയിൽ സംരക്ഷിക്കുന്ന തിരക്കിലാണ്. തൊഴിലാളികളെ ഉപയോഗിച്ചു കാടുവെട്ടിയും പ്ലാസ്റ്റിക് മാലിന്യം നീക്കിയും പ്രദേശം വൃത്തിയാക്കുകയാണ് അയ്യപ്പൻ. ഇവിടങ്ങളിലുള്ള വൻതോതിലുള്ള പ്ലാസ്റ്റിക്മാലിന്യങ്ങളും ഇദ്ദേഹം നീക്കുന്നുണ്ട്.
ഒറ്റപ്പാലം പരിസരപ്രദേശങ്ങളിലായി ഇദ്ദേഹം നൂറിനു പുറത്ത് മരങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിന്റെ പിറകുഭാഗത്ത് പ്ലാവും മൂച്ചിയും പടർന്നു പന്തലിച്ച് കായ്ഫലം നൽകാനും തുടങ്ങിക്കഴിഞ്ഞു.
ആഗോളതാപനത്തിന് മരങ്ങളാണ് മറുപടി എന്ന തിരിച്ചറിവാണ് അയ്യപ്പനെ വൃക്ഷത്തൈ നടലിലേക്ക് എത്തിച്ചത്. സ്വന്തം പണം ചെലവഴിച്ചാണ് ഇദ്ദേഹം മരങ്ങൾ നട്ടുവളർത്തുന്നതും പരിപാലിക്കുന്നതും. മനുഷ്യനും പക്ഷിമൃഗാദികൾക്കും തണലും താവളവും ആണ് ഈ മരങ്ങൾ.
വേനലിന്റെ വറുതിയിൽ മരങ്ങൾക്ക് വേണ്ടുന്ന സംരക്ഷണം ഒരുക്കുന്നതിലും അയ്യപ്പൻ ശ്രദ്ധാലുമാണ്.
മംഗലം ശങ്കരൻകുട്ടി