സമരംചെയ്യുന്ന സിഐടിയു തൊഴിലാളികൾ സ്ഥാപനഉടമയെ കൈയേറ്റംചെയ്തെന്നു പരാതി
1537977
Sunday, March 30, 2025 6:30 AM IST
ഷൊർണൂർ: സമരം ചെയ്യുന്ന സിഐടിയു തൊഴിലാളികൾ സ്ഥാപന ഉടമയെ കൈയേറ്റം ചെയ്തതായി പരാതി. കുളപ്പുള്ളിയിൽ കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടയ്ക്കുമുമ്പിൽ കുടിൽകെട്ടി സമരംചെയ്യുന്ന സിഐടിയു ചുമട്ടുതൊഴിലാളികൾ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് പ്രകാശ് സ്റ്റീൽ ഉടമ ജയപ്രകാശ് പോലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ ജോലിക്കാരുമൊത്ത് ഇരുമ്പുകമ്പികൾ മാറ്റുന്നതിനിടയിൽ തൊഴിലാളികൾ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നുവെന്ന് ജയപ്രകാശ് പരാതിയിൽ പറയുന്നു.
സമരം ഒത്തുതീർപ്പാക്കാൻ കഴിഞ്ഞ ദിവസം നടന്ന ചർച്ച അലസിയിരുന്നു. സ്ഥാപനത്തിൽ കയറ്റിറക്കിനായി സ്ഥാപിച്ച യന്ത്രം പ്രവർത്തിപ്പിക്കാൻ തങ്ങളെ അനുവദിക്കണമെന്നായിരുന്നു ചുമട്ടുതൊഴിലാളികളുടെ ആവശ്യം. കയറ്റാനും ഇറക്കാനും രണ്ടുപേർവീതവും ഒരാൾ യന്ത്രത്തിന്റെ ബെൽറ്റിലും എന്ന രീതിയിൽ ജോലി നൽകണമെന്ന് തൊഴിലാളിനേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനും സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്കു ചെയ്യുന്നതിനും കോടതിയുത്തരവുണ്ടെന്നായിരുന്നു സ്ഥാപനയുടമയുടെ നിലപാട്.
ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഒറ്റപ്പാലം ലേബർ ഓഫീസിലായിരുന്നു ചർച്ച. വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളും സ്ഥാപന ഉടമ ജയപ്രകാശും സിഐടിയു നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
പത്തുദിവസമായി സ്ഥാപനത്തിനു മുന്നിൽ സിഐടിയു ചുമട്ടുതൊഴിലാളികൾ സമരം നടത്തുന്നുണ്ട്. സമരം അവസാനിപ്പിക്കാൻ ചർച്ചയ്ക്കു തയാറാണെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാനേതാക്കളും അറിയിച്ചിരുന്നു. ചർച്ച അലസിയതോടെ സമരം തുടരുമെന്ന് സിഐടിയു ഡിവിഷൻ പ്രസിഡന്റ് കെ. ഗംഗാധരൻ പറഞ്ഞു.
തൊഴിൽനിയമം അനുസരിച്ച് പ്രവർത്തിക്കേണ്ട തൊഴിലാളികളല്ല സ്ഥാപനത്തിൽ ജോലിചെയ്യുന്നതെന്നും ഇതിൽ നടപടിയെടുക്കണമെന്നും ലേബർ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് പ്രാദേശികമായുണ്ടാക്കിയ യന്ത്രം ഉപയോഗിച്ചാണ് ലോറിയിലേക്ക് സിമന്റ് കയറ്റുന്നതും ഇറക്കുന്നതും. ഇങ്ങനെ ചെയ്യുന്നതിനുള്ള കോടതി ഉത്തരവ് നേടിയിട്ടുണ്ടെന്നും ഉത്തരവ് നടപ്പാക്കിത്തരാൻ ആവശ്യപ്പെടുമെന്നും സ്ഥാപന ഉടമ ജയപ്രകാശ് പറഞ്ഞു.