പുതുശേരിയുടെ ജലസംരക്ഷണത്തിന് നാഴികക്കല്ലായി ഹരിതസമൃദ്ധി പദ്ധതി
1537976
Sunday, March 30, 2025 6:30 AM IST
പാലക്കാട്: പാലക്കാട് പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യുണൈറ്റഡ് ബ്രുവറീസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ഹരിത സമൃദ്ധിയുടെ മൂന്നാംഘട്ടം പൂർത്തിയാക്കി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു.
പുതുശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് പദ്ധതി സമർപ്പണചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. അജീഷ് മുഖ്യപ്രഭാഷണം നടത്തി. യുബിഎൽ പ്ലാന്റ് ഹെഡ് സുരേഷ് സുബ്രഹ്മണ്യൻ പദ്ധതി സമർപ്പണം നിർവഹിച്ചു. പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എസ്. ഗീത, വിവിധ വാർഡ് മെംബർമാർ, കൃഷി ഓഫീസർ അലക്സിസ് തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാവായ കാരിത്താസ് ഇന്ത്യയുടെ ഡോ.വി.ആർ. ഹരിദാസ് പദ്ധതിയുടെ അവലോകന റിപ്പോർട്ട് അവതരിപ്പിച്ച് ക്ലാസ് എടുത്തു. ഹരിതസമൃദ്ധി പദ്ധതിയുടെ കോ-ഓർഡിനേറ്റർ പി. ബോബി നന്ദി പറഞ്ഞു. വി.ആർ. സൂരജ്, ചാൾസ് ടി. ജെയിംസ്, ടിൻസി അബ്രഹാം, സഫ്ന, പിച്ചമുത്തു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.