ഉത്സവവിപണി ലക്ഷ്യംവച്ച് ഓണ്‍ലൈൻ, കൊറിയർ, യാത്രാവാഹനങ്ങളിൽ പടക്കക്കടത്ത്
1537978
Sunday, March 30, 2025 6:30 AM IST
വടക്കഞ്ചേരി: വിഷു, മറ്റു ഉത്സവആഘോഷങ്ങൾക്കുമായി ഓണ്‍ലൈൻ വഴിയും കൊറിയർ വഴിയും യാത്രാവാഹനങ്ങളിലും അനധികൃതമായി വൻതോതിൽ പടക്ക കടത്ത്. ചെറുകിട പടക്കകച്ചവടക്കാരും വ്യക്തികളുമാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ തമിഴ്നാട് ശിവകാശിയിൽ നിന്നും പടക്കം കൊണ്ടുവരുന്നതെന്ന് ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വൻദുരന്തസാധ്യതയാണ് ഇതുമൂലം നിലനിൽക്കുന്നത്. പൊട്ടിത്തെറിക്കുന്ന വസ്തുവാണെന്ന് തിരിച്ചറിയാത്ത വിധം പാക്ക് ചെയ്താണ് കൊറിയർ വഴിയും ഓണ്‍ലൈൻ വഴിയും വീടുകളിലും കടകളിലും പടക്കവും മറ്റു തീപിടിത്ത സാധനങ്ങളും എത്തുന്നത്. 2018 ഒക്ടോബർ 23ലെ സുപ്രീംകോടതി വിധിപ്രകാരം ഓണ്‍ലൈൻ വഴി പടക്കങ്ങൾ വിൽക്കുവാനോ ഓർഡറുകൾ സ്വീകരിക്കുവാനോ പാടുള്ളതല്ല. ലൈസൻസ് ഉള്ളവർ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക വാഹനങ്ങളിൽ മാത്രമെ പടക്കകടത്ത് നടത്താൻ പാടുള്ളു. എന്നാൽ കോടതി ഉത്തരവ് നിലനിൽക്കെ പടക്കവ്യാപാരം അനധികൃതവഴിയിലൂടെ വ്യാപകമായി നടക്കുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച് കളക്ടർ, എഡിഎം, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വഴിയോരങ്ങളിൽ പടക്കകച്ചവടം നടത്തുന്നതും മറ്റു കച്ചവടം പോലെയല്ല. അത് പൊതുജനങ്ങൾക്ക് ജീവഹാനി വരെ സംഭവിക്കുന്ന സ്ഥിതിയുണ്ടാക്കും. കനത്തചൂടും വൻതോതിൽ പടക്കം സൂക്ഷിക്കുന്നതും ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തലാകും. ഇന്ത്യയിൽതന്നെ പടക്കനിർമാണത്തിന്റെ കുത്തക ശിവകാശിയാണ്.
മറ്റുസംസ്ഥാനക്കാരും പടക്കത്തിന് ശിവകാശിയെയാണ് ആശ്രയിക്കുന്നത്. ഹ്യുമിഡിറ്റി കുറവുള്ള പ്രദേശമെന്ന നിലയിലാണ് ശിവകാശി പടക്കനിർമാണത്തിന്റെ കേന്ദ്രമായത്. വിഷു അടുത്തെത്തിനിൽക്കെ പടക്കവ്യാപാരം സംബന്ധിച്ച് സമഗ്രമായ പരിശോധനയും അന്വേഷണവും വേണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. സംസ്ഥാനട്രഷറർ വി. ഉണ്ണികൃഷ്ണൻ, ജില്ലാപ്രസിഡന്റ് അനിൽ പി. വിൽസണ്‍, സെക്രട്ടറി സി.എ. ഉണ്ണികൃഷ്ണൻ, ട്രഷറർ എ. നസീർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.