ഡെന്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാപിഴവ്
1537973
Sunday, March 30, 2025 6:30 AM IST
ആലത്തൂർ: ഡെന്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാപിഴവ്. ചികിത്സയ്ക്കിടെ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചുകയറി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരേയാണ് പരാതി.
പല്ലിന്റെ തുടർചികിത്സയുടെ ഭാഗമായി ഗം എടുക്കാൻ എത്തിയ ഗായത്രി സൂരജിന്റെ നാക്കിലാണ് ഡ്രില്ലർ തുളച്ചുകയറിയത്. സംഭവത്തിൽ ക്ലിനിക്കിനെതിരേ പോലീസ് കേസെടുത്തു. മുറിവ് വലുതായതോടെ 21 കാരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കിടെ ഡ്രില്ലർ ഉപയോഗിച്ച് നാക്കിനടിയിലേക്ക് തുളയ്ക്കുകയായിരുന്നു. മുറിവ് വലുതായെന്ന് അറിയിച്ചിട്ടും ചെറിയ മുറിവാണെന്ന് പറഞ്ഞ് ക്ലിനിക്കിൽനിന്ന് വിടുകയായിരുന്നുവെന്ന് യുവതി പറയുന്നു.
സീനിയർ ഡോക്ടർമാർ ഉണ്ടായിട്ടും നോക്കാൻ തയാറായില്ലെന്നു യുവതി പറയുന്നു.
മുറിവ് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. 2022 മുതൽ മൂന്നുവർഷമായി ക്ലിനിക്കിൽ ചികിത്സ തേടിവരികയായിരുന്നു യുവതി. ഗം എടുക്കുന്നതിനിടെ ഡ്രില്ലർ കൈതട്ടി നാക്കിനടിയിലേക്ക് കയറിയെന്നാണ് യുവതി പറയുന്നത്. നിയമപരമായ കാര്യങ്ങൾ ഉള്ളതിനാൽ പ്രതികരിക്കാനില്ലെന്നാണ് ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലെ ഡോക്ടർ പ്രതികരിച്ചത്.