നെന്മാറ-വല്ലങ്ങി വേല: വാദ്യവിരുന്നൊരുക്കാൻ പ്രമുഖരെത്തും
1537972
Sunday, March 30, 2025 6:30 AM IST
നെന്മാറ: നെന്മാറ-വല്ലങ്ങി വേലയ്ക്ക് വാദ്യവിസ്മയം തീർക്കാൻ പ്രമുഖ വാദ്യകലാകാരന്മാരെത്തും. വിവിധ സമയങ്ങളിലായി പഞ്ചവാദ്യം, പാണ്ടിമേളം, തായമ്പക, ഇരട്ടതായമ്പക, പഞ്ചാരിമേളം എന്നിവയാണ് മേളപ്രേമികൾക്കായി ഇരുദേശങ്ങളും ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മൂന്നിനാണ് വേല.
പഞ്ചവാദ്യവും പാണ്ടിമേളവും കൊട്ടിക്കയറാൻ പേരുകേട്ട കലാകാരന്മാർ ഇപ്രാവശ്യവും ഇരുദേശങ്ങൾക്കുവേണ്ടി അണിനിരക്കും. നെന്മാറദേശത്തിന് ഏപ്രിൽ രണ്ടിന് കല്ലൂർ ഉണ്ണിക്കൃഷ്ണൻമാരാരും സംഘവും പഞ്ചാരിമേളവും, ഏപ്രിൽ മൂന്നിന് വേല ദിവസം പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ് മാരാരും നേതൃത്വം നൽകും. വേലദിവസം രാത്രി 8.30 ന് കല്ലൂർ ജയൻ, കല്ലുവഴി പ്രകാശൻ എന്നിവരുടെ ഇരട്ടത്തായമ്പകയും നെന്മാറ ദേശത്തിനായി അണിനിരക്കും. വല്ലങ്ങിദേശത്തിന്റെ പഞ്ചവാദ്യത്തിന് പനങ്ങാട്ടിരി മോഹനൻ നേതൃത്വം നൽകും.
മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ വല്ലങ്ങിക്കുവേണ്ടി പാണ്ടിമേളം നയിക്കും. മട്ടന്നൂർ ശ്രീരാജും സംഘവും തായമ്പകയ്ക്ക് നേതൃത്വം നൽകും. ഏപ്രിൽ രണ്ടിന് വല്ലങ്ങി ദേശത്തിന്റെ താലപ്പൊലി മേളം പനങ്ങാട്ടിരി മോഹനനും സംഘവുമാണ് നയിക്കുന്നത്.