കോയന്പത്തൂർ എൽ ആൻഡ് ടി റോഡ് ദേശീയപാത അഥോറിറ്റി ഏറ്റെടുക്കും
1537963
Sunday, March 30, 2025 6:29 AM IST
കോയമ്പത്തൂർ: എൽ ആൻഡ് ടി ബൈപ്പാസ് റോഡ് ജൂണിൽ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറും. കോയമ്പത്തൂർ ജില്ലയിലെ നീലംപൂരിനും മധുക്കരൈയ്ക്കും ഇടയിൽ രണ്ട് വരി പാത 1998 ൽ നിർമാണം ആരംഭിച്ച് 2000 ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
എൽ ആൻഡ് ടി ബൈപ്പാസ് എന്നറിയപ്പെടുന്ന റോഡിൽ ടോൾ ബൂത്ത് നിർമിക്കുന്നതിനും 30 വർഷത്തേക്ക് അത് പരിപാലിക്കുന്നതിനുമായി സർക്കാരും കമ്പനിയും തമ്മിൽ കരാർ ഒപ്പിട്ടു.
കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് വേഗത്തിൽ യാത്ര ചെയ്യാൻ ഈ വഴി ഉപയോഗപ്രദമാണ്. കൂടാതെ, കേരളത്തിൽ നിന്ന് ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഈ ബൈപ്പാസ് ധാരാളമായി ഉപയോഗിക്കുന്നു.
റോഡിൽ അപകടങ്ങൾ വർധിച്ചുവരുന്നതിനാൽ ഈ റോഡ് വികസിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നു.
2029 വരെ റോഡ് പരിപാലിക്കാനും ടോൾ പിരിക്കാനുമുള്ള അവകാശം എൽ ആൻഡ് ടിക്ക് നൽകിയിട്ടുണ്ട്. എൽ ആൻഡ് ടിയുമായുള്ള കരാർ അവസാനിക്കാൻ ഇനിയും 4 വർഷം ബാക്കിയുണ്ട്. അതുവരെ ഇവിടെ വിപുലീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. എന്നാൽ രണ്ടുവരി പ്പാതയിൽ ഗതാഗതം തുടർന്നാൽ അപകടങ്ങളുടെ എണ്ണവും വർധിക്കുമെന്നതിനാൽ റോഡ് ഏറ്റെടുക്കാൻ ദേശീയപാത അഥോറിറ്റി തീരുമാനിക്കുകയായിരുന്നു.
റോഡിന് ഇരുവശത്തും സർവീസ് റോഡുകളുള്ള 4 വരി പാതയാക്കി ഉടൻ മാറ്റാനായി രണ്ട് പ്രദേശങ്ങളിലായി 45 മീറ്റർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ജൂൺ 1 മുതൽ ഏറ്റെടുക്കൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.