എസ്.പി. ബാലസുബ്രഹ്മണ്യം പ്രതിമയുടെ പ്രവൃത്തിഉദ്ഘാടനം
1537962
Sunday, March 30, 2025 6:29 AM IST
പാലക്കാട്: എസ്.പി. ബാലസുബ്രമണ്യത്തിന്റെ ശില്പി ഉണ്ണി കാനായി രൂപകല്പനചെയ്ത്് ഒരുക്കുന്ന 10 അടി ഉയരമുള്ള പൂർണകായ വെങ്കലപ്രതിമയുടെ നിർമാണപ്രവർത്തനം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
മലയാള ചലച്ചിത്രരംഗത്തെ ഗായകരുടെ സംഘടനയായ സമത്തിന്റെ നേതൃത്വത്തിൽ ആണ് പ്രതിമ സ്ഥാപിക്കുന്നത്. രാപ്പാടി ഓഡിറ്റോറിയത്തിൽ കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സ്വരലയയുടെയും സഹകരണത്തോടെ സ്ഥാപിക്കുന്ന പ്രതിമയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സമം ആണ്. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സമം പ്രസിഡന്റ് സുദീപ്കുമാർ അധ്യക്ഷത വഹിച്ചു.
സമം വൈസ് പ്രസിഡന്റ് വിജയ് യേശുദാസ്, ട്രഷറർ അനൂപ് ശങ്കർ, ഗായിക മഞ്ജു മേനോൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ഡോ. സിൽബർട് ജോസ് എന്നിവർ പ്രസംഗിച്ചു. സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ സ്വാഗതവും സമം സെക്രട്ടറി രവിശങ്കർ നന്ദിയും പറഞ്ഞു.