സംസ്ഥാന നാടകമത്സരം മൂന്നുമുതൽ കോങ്ങാട്
1537961
Sunday, March 30, 2025 6:29 AM IST
പാലക്കാട്: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിവർഷ നാടകോത്സവത്തിന്റെ ഭാഗമായുള്ള നാലാമത് നാടകമത്സരം കോങ്ങാട് നടക്കും. ഇതിന് മുന്‍പ് കൊല്ലം, കാസർഗോഡ്, എറണാകുളം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നിട്ടുളളത്. കേരളത്തിലെ സാമൂഹ്യ മാറ്റങ്ങൾക്ക് നാടകങ്ങൾ വഹിച്ച പങ്ക് സുപ്രധാനമാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
നാടകാവിഷ്കാരത്തിന് നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള ചർച്ചക്കും നാടകോത്സവം വേദിയാവും. അനുഭവസന്പന്നരും പുതിയ തലമുറയുമായാണ് സംവാദം. ചലച്ചിത്ര കോർപറേഷൻ ചെയർമാൻ പ്രേംകുമാർ, ഡോ. പ്രമോദ് പയ്യന്നൂർ, പ്രഫ. ഗംഗാധരൻ, കാളിദാസ് പുതുമന, ജി.പി. രാമചന്ദ്രൻ, കെ.എ. നന്ദജൻ, ജി. ദിലീപൻ എന്നിവർ ചർച്ച നയിക്കും.
ഏപ്രിൽ 3ന് വൈകുന്നേരം അഞ്ചിന് ലക്കിടി കുഞ്ചൻസ്മാരകത്തിൽ നിന്ന് ‘നാടകജാല’ എന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രയാണം ആരംഭിക്കും. നാടകനടി നിലന്പൂർ ആയിഷ ഉദ്ഘാടനം നിർവഹിക്കും. നാടകോത്സവം ഏപ്രിൽ 4 ന് രാവിലെ 10.30 ന് വൈശാഖൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 3 മുതൽ ആറുവരെ കോങ്ങാട് പെരിങ്ങോട് ക്ലബ് 5 കണ്വൻഷൻ സെന്ററിലാണ് നാടകോത്സവം നടക്കുക.പത്രസമ്മേളനത്തിൽ ലൈബ്രറി കൗണ്‍സിൽ ജില്ലാ സെക്രട്ടറി പി.എൻ. മോഹൻ, സംസ്ഥാന എക്സിക്യുട്ടീവംഗം വി.കെ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.