കൊച്ചുമകളെ രക്ഷിക്കാൻ കുളത്തിൽ ചാടിയ മുത്തശി മരിച്ചു
1537733
Saturday, March 29, 2025 11:36 PM IST
വണ്ടിത്താവളം: പട്ടഞ്ചേരിയിൽ കുളത്തിൽ വീണ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശി മുങ്ങിമരിച്ചു. വടതോട് നൂർജഹാന്റെ മകൾ നബീസ(55) ആണ് മരിച്ചത്.
സമീപവാസികൾ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിഫാന(10) അപകടനിലതരണം ചെയ്തു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം. മുത്തശിയോടൊപ്പം ഷിഫാനയും വീടിനടുത്ത വടതോട് കുളത്തിന് സമീപം ആടിനെ മേയ്ക്കാൻ പോയതായിരുന്നു.
ഷിഫാനയെ പട്ടി ഓടിക്കുന്നതിനിടെ സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. ഇതുകണ്ട നബീസയും കുളത്തിൽ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ഷിഫാനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പഞ്ചായത്തംഗം ശോഭനദാസ് ഷിഫാനെ കുളത്തിൽ നിന്ന് രക്ഷപ്പെടുത്തി.
ഇതിനിടെ വസ്ത്രം വെള്ളത്തിൽ പൊന്തിക്കിടന്നത് കണ്ട് സമീപവാസികൾ നബീസയേയും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിഫാനയെ പ്രാഥമിക ചികിത്സക്കു ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് പുതുനഗരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുക്കും.