ദുരൂഹസാഹചര്യത്തിൽ തെരുവുനായ്ക്കൾ ചത്തുവീഴുന്നു
1537485
Saturday, March 29, 2025 1:21 AM IST
ഒറ്റപ്പാലം: തെരുവുനായ്ക്കൾ ചത്തുവീഴുന്നു, സൂര്യാഘാതമാണെന്നു ആശങ്ക.അജ്ഞാതരോഗമാണെന്നും സംശയം. കനത്തചൂടിൽ നാടും, നഗരവും വെന്തുരുകുന്നതിനിടയിലാണ് ഒറ്റപ്പാലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അകാരണമായി തെരുവുനായ്ക്കൾ ചത്തുവീഴുന്നത്.
കഴിഞ്ഞ ദിവസംമാത്രം എട്ടുതെരുവുനായ്ക്കളാണ് റോഡരികിൽ വിവിധ ഭാഗങ്ങളിലായി ചത്തുകിടന്നിരുന്നത്.
നായക്കളുടെ മരണത്തിനു കാരണം സൂര്യാഘാതമാണങ്കിലും പകർച്ചവ്യാധികളാണെങ്കിലും അതു മനുഷ്യരെയും ബാധിക്കുന്ന പ്രശ്നം തന്നെയാണന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരസഭാ ശുചീകരണ വിഭാഗം വിവിധ പ്രദേശങ്ങളിൽ നിന്നായി ഒറ്റദിവസം തെരുവിൽ ചത്തുകിടന്ന ഏഴുനായ്ക്കളെയാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്കു മാറ്റിയത്.
ഓരോ ദിവസവും കൂടുതൽ നായകൾ ചത്തുവീഴുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ കാരണം അടിയന്തരമായി കണ്ടെത്തി പൊതുജനത്തെ അറിയിക്കേണ്ട ഉത്തരവാദിത്വം മൃഗസംരക്ഷണ വകുപ്പിനുണ്ട്.
നായകൾ ചത്തുവീഴുന്നതിനുള്ള കാരണം ഏതെങ്കിലും തരത്തിൽ മനുഷ്യജീവനുകളെയും ബാധിക്കുന്ന പ്രശ്നമാണങ്കിൽ അത് കണ്ടെത്തി മുന്നറിയിപ്പു നൽകേണ്ടത് അനിവാര്യമാണ്.
നാഥനില്ലാത്തതുകൊണ്ട് നായകൾ ഇങ്ങിനെ തെരുവിൽ ചത്തു വീണോട്ടെയെന്നു ചിന്തിക്കാനും കഴിയില്ല. കഴിഞ്ഞ ദിവസം അരീക്കപ്പാടം വാർഡിൽ രണ്ടുനായകളാണ് നടുറോഡിൽ ചത്തുവീണത്.
ജീവനുള്ള സമയത്ത് നായയുടെ വായിൽനിന്ന് നുരയുംപതയും വന്നിരുന്നു. വിറയലും, നടക്കാൻ കഴിയാത്ത അവസ്ഥയിലുമാണ് കാണപ്പെട്ടത്. കുറച്ചുസമയത്തിനകം ചത്തുവീഴുകയും ചെയ്തു.
ഇനി നായകളെ കൂട്ടത്തോടെ കൊല്ലാൻ ആരെങ്കിലും വിഷംനൽകുന്നുണ്ടോ എന്നതും പരിശോധിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
നായകളുടെ ശല്യം അതിരൂക്ഷമാണെന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുമ്പോൾ ഇത്തരം സംശയങ്ങൾ ബലപ്പെട്ടുവരുകയാണ്.
മുറിവുകളും, പൊള്ളലും, കൈകാലുകൾ ഒടിഞ്ഞ രീതിയിലും നിരവധി അസുഖങ്ങൾ ബാധിച്ചുമൊക്കെ നായകൾ തെരുവിൽ തെണ്ടിനടക്കുന്ന കാഴ്ച നിത്യസംഭവമാണ്.