ഒറ്റപ്പാലത്തിന്റെ വൃക്ഷമുത്തശിക്ക് ബലക്ഷയം; വേണം പരിരക്ഷ
1537481
Saturday, March 29, 2025 1:21 AM IST
ഒറ്റപ്പാലം: കോടതിപ്പറമ്പിനു തണലൊരുക്കുന്ന വൃക്ഷമുത്തശിക്ക് ബലക്ഷയം. വനംവകുപ്പ് വൃക്ഷമുത്തശിയായി പ്രഖ്യാപിച്ച കൂറ്റൻആൽമരമാണ് കാലാന്തരത്തിൽ ഈടറ്റുനിൽക്കുന്നത്.
വൃക്ഷമുത്തശിയുടെ ഉണങ്ങിയചില്ലകൾ തണൽ തേടിയെത്തുന്നവർക്കു ഭീഷണിയായിരിക്കുകയാണ്. ഒറ്റപ്പാലത്തെ കോടതികളിലേക്കും താലൂക്ക് ഓഫീസ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലേക്കും എത്തുന്നവർ സമയം ചെലവഴിക്കാൻ ആശ്രയിക്കാറുള്ളതു ആൽമരത്തറയെയാണ്.
കഴിഞ്ഞദിവസം ആൽത്തറയിൽ ഇരുന്നവരുടെ തൊട്ടടുത്താണ് ഉണങ്ങിയ വലിയചില്ല മുറിഞ്ഞുവീണത്.
അഭിഭാഷകരുടെയും സർക്കാർ ഓഫീസുകളിൽ എത്തുന്നവരുടെയും വാഹനങ്ങൾ നിർത്തിയിടാറുള്ളതും മരത്തിനു താഴെയാണ്. ഉണങ്ങിയ ചില്ലകൾ മുറിച്ചുമാറ്റാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നു നടപടി വേണമെന്നാണാവശ്യം.
15 വർഷം മുൻപാണു പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തെ വൃക്ഷമുത്തശിയായി പ്രഖ്യാപിച്ചത്.
ഒരുനൂറ്റാണ്ടിനടുത്ത് പ്രായമുള്ള വൃക്ഷമുത്തശിയുടെ വേരുകൾ കരിഞ്ഞുണങ്ങികൊണ്ടിരിക്കുകയാണ്.