ക്രിക്കറ്റ് ഉത്സവത്തിനു ആവേശംപകരാൻ ഫാൻപാർക്ക്
1537480
Saturday, March 29, 2025 1:21 AM IST
പാലക്കാട്: ഐപിഎൽ ക്രിക്കറ്റ് ഉത്സവം പുതുമയുടെയും ആവേശത്തിന്റെയും പുതിയ അധ്യായം എഴുതാൻ ഒരുങ്ങുന്നു. ആരാധകർ ക്രിക്കറ്റിന്റെ മായാജാലം അനുഭവിക്കാനായി ഫാൻപാർക്കുകൾ ഒരുക്കിയാണ് കുട്ടിക്രിക്കറ്റിനെ വരവേൽക്കുന്നത്. പാലക്കാട് കോട്ടമൈതാനത്താണ് ഫാൻ പാർക്ക് ഒരുക്കിയിരിക്കുന്നതെന്ന് ബിസിസിഐ പ്രതിനിധി സുമിത് മല്ലപുകാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രേക്ഷകർക്ക് സ്റ്റേഡിയത്തിലിരിക്കുന്നതുപോലെയുള്ള അനുഭവം നൽകുന്നതിനായി വലിയ സ്ക്രീനുകളിലൂടെയും തത്സമയ വിശകലനങ്ങളിലൂടെയും കളി കാണാൻ കഴിയും. സ്വന്തം ടീമുകളുടെ കളി നേരിട്ട് കാണുംവിധമുള്ള വിരുന്നൊരുക്കി ആരാധകർക്ക് ക്രിക്കറ്റിനോടുള്ള സ്നേഹം പങ്കിടുന്നതിനുള്ള വേദിയുമാകും. 10 ലക്ഷത്തിലധികം ക്രിക്കറ്റ് ആരാധകർ ഇത്തവണ ഫാൻ പാർക്കുകളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് സുമിത് പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിലെ മത്സരങ്ങളാണ് കോട്ടമൈതാനത്തെ ഫാൻ പാർക്കിൽ കാണാനാവുക.
ശനിയാഴ്ച വൈകുന്നേരം 6.30ന് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഞായറാഴ്ച രണ്ട് മത്സരങ്ങൾ ഫാൻ പാർക്കിലൂടെ കാണാൻ കഴിയും. ഉച്ചയ്ക്ക് 2.30ന് ഡൽഹി ക്യാപിറ്റൽസ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരവും തുടർന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള മത്സരവും നടക്കും. കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ കെസിഎ അംഗം സിയാവുദ്ദീൻ, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. അജിത്കുമാർ എന്നിവരും പങ്കെടുത്തു.