സുരക്ഷ മുൻനിർത്തി പാളംമുറിച്ചു കടക്കുന്ന സ്ഥലങ്ങൾ റെയിൽവേ അടയ്ക്കുന്നു
1537476
Saturday, March 29, 2025 1:21 AM IST
ഒറ്റപ്പാലം: റെയിലിന് സമീപമുള്ള പടവുകൾ പൊളിച്ചുമാറ്റി റെയിൽവേ അധികൃതർ. ഒറ്റപ്പാലം റെയിൽവേസ്റ്റേഷന് സമീപത്ത് റെയിൽപ്പാളങ്ങളുടെ ഭാഗത്തുനിന്ന് വീട്ടിലേക്കിറങ്ങാനുള്ള പടവുകളാണ് മുന്നറിയിപ്പില്ലാതെ റെയിൽവേ പൊളിച്ചുമാറ്റിയത്. ഇതോടെ സമീപത്തുള്ള വീട്ടിലേക്ക് കടക്കാനുള്ള വഴിയടഞ്ഞ സ്ഥിതിയാണ്. ഉപ്പാമൂച്ചിക്കൽ അമൽ മനോജിന്റെ വീട്ടിലേക്കുള്ള പടവുകളാണ് പൊളിച്ചത്. പ്ലാറ്റ്ഫോം നിർമിക്കുന്നതിനായാണിതെന്നാണ് റെയിൽവേയിൽനിന്ന് കിട്ടിയ വിവരം. നിലവിൽ ഈ വീട്ടിൽ ആൾത്താമസമില്ല. 2018, 2019, 2024 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇവിടെ പൂർണമായും വെള്ളം കയറിയിരുന്നു. അതോടെ വീട്ടുകാർ താമസം മാറ്റുകയായിരുന്നു.
എന്നാൽ ഇതിനോടുചേർന്ന വാടകവീട്ടിൽ പോണ്ടിച്ചേരി സ്വദേശികൾ താമസിക്കുന്നുണ്ട്. അവിടേക്ക് പോകാനുള്ള വഴിയുമില്ലാതായി. വീടിന്റെ ഒരുവശത്ത് ഭാരതപ്പുഴയും മറുവശത്ത് റെയിൽപ്പാളവുമായതിനാൽ പുറത്തേക്കിറങ്ങാൻ പാളം മുറിച്ചുകടക്കുകയല്ലാതെ മറ്റുവഴികളില്ല. ഇനി പ്ലാറ്റ്ഫോം വന്നാൽ ഇവിടേക്ക് ചാടിക്കടക്കേണ്ട അവസ്ഥവരുമെന്നാണ് ഉടമകൾ പറയുന്നത്.
പടികളുണ്ടായിരുന്നത് റെയിൽവേയുടെ സ്ഥലത്താണ്. നിർമാണത്തിന്റെ ഭാഗമായി പാളത്തിനുസമീപം ഒരു വഴി നിർമിച്ചിട്ടുണ്ട്. ഇതിലൂടെ സമീപത്തെ അങ്കണവാടിയിലേക്കുള്ള വഴിയുണ്ട്. അത് അടച്ചിട്ടില്ല. അങ്കണവാടിയിലേക്കുള്ള വഴിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സുരക്ഷ മുൻനിർത്തി പാളം മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ റെയിൽവേ അടയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഒറ്റപ്പാലത്തും വഴിയടച്ചിട്ടുള്ളതെന്ന് റെയിൽവേ പിആർഒ അറിയിച്ചു.