സാമൂഹ്യവിരുദ്ധശല്യം തടയാൻ ജനകീയസമിതി കാമറ സ്ഥാപിച്ചു
1537475
Saturday, March 29, 2025 1:21 AM IST
കല്ലടിക്കോട്: കമിതാക്കളുടേയും സാമൂഹ്യവിരുദ്ധരുടേയും കടന്നുകയറ്റം മൂലം പൊറുതിമുട്ടിയതോടെ പ്രദേശത്ത് കാമറയും മുന്നറിയിപ്പ് ബോർഡും വെച്ച് നാട്ടുകാർ. ഇടക്കുർശി ശിരുവാണി കവലയിൽ നിന്നും പാലക്കയത്തേയ്ക്കുള്ള റോഡിലാണ് കാമറയും ബോർഡും സ്ഥാപിച്ചത്. ഇടക്കുർശിയിൽനിന്നും ഒരുകിലോമീറ്റർ പോയാൽ ആളനക്കമില്ലാത്ത റബർ തോട്ടമാണ്. റോഡരികിൽ നിർമിച്ചിട്ടുള്ള കലുങ്കുകളിൽ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കാനും പ്രണയിക്കാനും ലഹരിയും മദ്യവും ഉപയോഗിക്കാനുമുള്ള സ്ഥലമായിമാറി. വൈകുന്നേരമായാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽനിന്നും ആളുകൾ ബൈക്കുകളിലും കാറുകളിലുമായി ഈ ഭാഗത്ത് എത്തുന്നത് പതിവാണ്.
രാത്രി ഏറെ വൈകിയാലും ഇവർ തിരികെപോകാൻ കൂട്ടാക്കാറില്ല. ഇവരെ പറഞ്ഞയക്കാൻ ചെല്ലുന്ന നാട്ടുകാരോട് കയർത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. പലപ്പോഴും കയ്യേറ്റംവരെ എത്താറുണ്ട്.സമീപത്തെ കാടുപിടിച്ചു കിടക്കുന്ന റബർതോട്ടവും ഇവരുടെ സങ്കേതമാണ്. രാത്രി 7 മുതൽ ബൈക്കിൽ ഇതുവഴി സഞ്ചരിക്കാൻ കഴിയാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും ശാശ്വതപരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
ഇവിടെ എത്തുന്നവരെയും വാഹനങ്ങളേയും തിരിച്ചറിയാൻ ജനകീയസമിതി കാമറകളും മുന്നറിയിപ്പ് ബോർഡുകളും സോളാറിന്റെ തെരുവ്വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കോയമ്പത്തൂരും മറ്റ് ദൂരസ്ഥലങ്ങളിലും പഠനംകഴിഞ്ഞ് ഇരുട്ടിതുടങ്ങുമ്പോഴാണ് പെൺകുട്ടികൾ അടക്കമുള്ളവർ സ്കൂട്ടറിൽ പാലക്കയത്തും വഴിക്കടവിലും ചീനിക്കപ്പാറയിലും ഉള്ള വീടുകളിലേയ്ക്ക് പോകുന്നത്. ഈ ഭാഗത്ത് രാത്രി വൈകിയും ആളുകൾ കൂട്ടംകൂടി റോഡിന്റെ വശങ്ങളിലും കലുങ്കുകളിലും ഇരിക്കുന്നതുമൂലം ഒറ്റയ്ക്ക് പോകാൻ പേടിക്കുകയാണ്.
കാമറകൾ സ്ഥാപിച്ചതിനോടൊപ്പം ജനകീയസമിതി രാത്രി പരിശോധനയും നടത്തുന്നുണ്ട്. ഇടക്കുർശി, പുതുക്കാട്, നിരവ്, പാലക്കയം, ചീനിക്കപ്പാറ, ഇഞ്ചിക്കുന്ന്, വട്ടപ്പാറ മേഖലകളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.