അട്ടപ്പാടി കുറുക്കൻകുണ്ട് റോഡ് ചുവപ്പുനാടയിൽതന്നെ
1537474
Saturday, March 29, 2025 1:21 AM IST
അഗളി: വഴിക്കും വൈദ്യുതിക്കുംവേണ്ടി ഒരു നാടിന്റെ കാത്തിരിപ്പ് പതിറ്റാണ്ടുകൾ നീളുന്നു. അഗളി പഞ്ചായത്തിലെ കള്ളമല വില്ലേജിലെ പാറവളവ് കുറുക്കൻകുണ്ട് റോഡാണ് വനംവകുപ്പിന്റെ ചുവപ്പ്നാടയിൽ കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്ത് താമസിച്ചിരുന്ന നാല്പതോളം കുടുംബങ്ങളും പ്രദേശത്തെ ദേവാലയത്തിനും പുറംലോകവുമായി ബന്ധപ്പെടുവാനുള്ള ഏക യാത്രാമാർഗമാണ് പാറവളവ് കുറുക്കൻകുണ്ട് റോഡ്.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുന്പുള്ള പഴയ കൂപ്പുറോഡായിരുന്നു ഇത്. 1980 ൽ അഗളി പഞ്ചായത്തിന്റെ ആസ്ഥി രജിസ്റ്ററിൽ ഉള്ള ഈ റോഡിൽ സോളിഗും, മെറ്റലിംഗും നടത്തിയിരുന്നു. അട്ടപ്പാടിയിലെ മറ്റ് റോഡുകൾ എല്ലാം വികസിക്കുകയും വനംവകുപ്പിന്റെ പിടിവാശിമൂലം ഈ പ്രദേശത്തെ റോഡുമാത്രം യാതൊരു വികസനവും നടക്കാതെ അവശേഷിക്കുകയും ചെയ്തു. യാത്രാസൗകര്യങ്ങളും വൈദ്യുതിയും തടസപ്പെട്ടതോടെ പ്രദേശത്തെ കുറേതാമസക്കാർ അടുത്തുള്ള പ്രദേശങ്ങളിൽ താത്കാലികമായി താമസം ആരംഭിച്ചു. എന്നാൽ അങ്ങനെ താമസിക്കാൻ കഴിയാത്തവർ വിധിയെപഴിച്ച് ഇന്നും കുറുക്കൻകുണ്ടിൽത്തന്നെ താമസിക്കുന്നു.
എൻ. ഷംഷുദ്ദീൻ എംഎൽഎ നിയമസഭയിൽ വിഷയം ഉന്നയിക്കുകയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 2020 ജനുവരി 20ന് അന്നത്തെ വനംവകുപ്പ് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ച് വൈദ്യുതിക്കും വഴിക്കും ഉള്ള തടസംനീക്കാൻ ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന് പുല്ലുവിലയാണ്. വനംവകുപ്പിന്റെ എൻഒസി ലഭിക്കാത്തതിനാൽ അഗളി പഞ്ചായത്ത് ഈ വർഷവും റോഡ് നിർമാണത്തിനായി പാസാക്കിയ തുക നഷ്ടപ്പെടുന്ന നിലയിലാണ്. കാലങ്ങളായി ഉപയോഗിക്കുന്നതും പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതുമായ റോഡിന്റെ അറ്റകുറ്റപ്പണിക്ക് വനം വകുപ്പിന്റെ അംഗീകാരം എന്തിനെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഈ പ്രദേശത്തെ ആളുകളുടെ 1971-73 വർഷങ്ങളിൽ ലഭിച്ച പട്ടയങ്ങളുടെ സാധുത ചോദ്യം ചെയ്ത് വനം വകുപ്പ് ലാൻഡ് ട്രിബ്യൂണലിൽ കൊടുത്തിരിക്കുന്ന അപ്പീലുകൾക്ക് അഡ്മിഷൻ പോലും കിട്ടിയിട്ടില്ല. അപ്പീൽ കാലാവധി 60 ദിവസം എന്നിരിക്കെയാണ് അരനൂറ്റാണ്ട് കർഷകർ കൈവശം വച്ചിരിക്കുന്ന കൃഷിഭൂമിയിലെ തർക്കത്തിന്റെ പേരിൽ സാധാരണക്കാരന്റെ അടിസ്ഥാന അവകാശങ്ങൾ വനംവകുപ്പ് നിഷേധിക്കുന്നത്.
കോവിഡ് കാലത്ത് വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി വീട്ടുമുറ്റത്ത് സത്യാഗ്രഹമിരുന്ന കുട്ടികൾ അവധിക്കാലത്ത് തങ്ങൾക്ക് അവകാശപ്പെട്ട വഴിക്കും വൈദ്യുതിക്കുമായി പാലക്കാട് കളക്ടറേറ്റിനു മുന്പിൽ സത്യാഗ്രഹമിരിക്കാൻ ഒരുങ്ങുകയാണ്. ഉത്തരവാദിത്തപ്പെട്ടവർ നാടിന്റെ ആവശ്യത്തിനുനേരെ മുഖം തിരിക്കരുതെന്ന് പാലക്കാട് കർഷക അതിജീവന സമിതി കോ-ഓർഡിനേറ്റർ ഫാ. സജി വട്ടുകളത്തിൽ പറഞ്ഞു.