ഭവാനിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു
1537419
Friday, March 28, 2025 10:56 PM IST
അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. തമിഴ്നാട് പീളമേട് സ്വദേശി രഘുപതിയുടെ മകൻ രമണൻ(20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
നരസിമുക്കിനുസമീപം പരപ്പന്തറ ഭാഗത്തു ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. നീന്തലറിയാതെ വെള്ളത്തിൽ ആഴത്തിലേക്കു മുങ്ങിപ്പോവുകയായിരുന്നു.
രണ്ടു ബൈക്കുകളിലായി നാലു സുഹൃത്തുക്കളാണ് വിനോദസഞ്ചാരത്തിനായി അട്ടപ്പാടിയിൽ എത്തിയത്. വിനോദസഞ്ചാരത്തിനെത്തുന്ന തമിഴ്നാട് സ്വദേശികൾ ഭവാനി- ശിർവാടി പുഴകളിൽ മുങ്ങിമരിക്കുന്ന സംഭവം തുടർക്കഥയാവുകയാണ്. ഒരുവർഷത്തിനിടെ പത്തോളം പേരാണ് ഭവാനി, ശിർവാണി പുഴകളിൽ മുങ്ങിമരിച്ചത്.
അഗളി എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അഗളി സർക്കാർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.