ൊതൊണ്ണൂറാംവയസിലും കർമനിരതനായി അപ്പുണ്ണിനായർ
1537190
Friday, March 28, 2025 1:49 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: വിശ്രമമില്ലാത്ത ജീവിതസപര്യയാണ് അപ്പുണ്ണിനായർക്ക് എഴുത്തും വായനയും സാമൂഹ്യപ്രവർത്തനവുമെല്ലാം. അതിന് പ്രായക്കൂടുതലൊന്നും തടസമാകാറുമില്ല. ക്ലേശങ്ങളെ പുഞ്ചിരികൊണ്ട് നേരിട്ടും വേദനകളെ സർഗാത്മകതകൊണ്ട് മറികടന്നും വിജയക്കൊടി പാറിച്ച അപ്പുണ്ണിനായർ നവതിയുടെ നിറവിലാണ്. നാലാംവയസിൽ അമ്മ മരിച്ചതുമുതൽ പ്രതിസന്ധികൾ ഏറെ താണ്ടിക്കടന്നായിരുന്നു അപ്പുണ്ണിനായരുടെ ജീവിതയാത്ര. ഒറ്റപ്പെടലുകളിൽ കൂട്ടായിരുന്നത് എഴുത്തും വായനാലോകവുമായിരുന്നു. ആരോഗ്യവകുപ്പിൽനിന്നും ഹെൽത്ത് സൂപ്പർവൈസറായി റിട്ടയർചെയ്ത അപ്പുണ്ണിനായർക്ക് തൊണ്ണൂറുണ്ട് പ്രായം.
പക്ഷേ, ഈ പ്രായമൊന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു തടസമാകുന്നില്ല. ജനകീയസൂത്രണം വടക്കഞ്ചേരി പഞ്ചായത്ത് ലെവൽ വൈസ്ചെയർമാൻ, ജൈവവൈവിധ്യസമിതി മെംബർ, ജനകീയാസൂത്രണം കീ റിസോഴ്സ് പേഴ്സൺ, കില റിസോഴ്സസ് പേഴ്സൺ, ആലത്തൂർ ബ്ലോക്ക് ലെവൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ ഇന്നും അപ്പുണ്ണിനായർ തന്റെ സേവനം തുടരുന്നുണ്ട്.
കടുപ്പമേറിയ അക്കാദമിക് വിഷയങ്ങൾക്ക് ഉദ്യോഗസ്ഥരും ഭരണനേതൃത്വങ്ങളും ആശ്രയിക്കുന്നത് സർവീസ് പെൻഷൻ യൂണിയന്റെ സംസ്ഥാനനേതാവു കൂടിയായ അപ്പുണ്ണിനായരെയാണ്. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന വോളന്റിയർമാരുടെ സഹായിയായാണ് ഈ ദിവസങ്ങളിലെ സേവനം. 90ലും തന്റെ ചെറുപ്പത്തിന്റെ കാരണവും പ്രവർത്തനനിരതമായ ജീവിതമാണെന്നാണ് അപ്പുണ്ണിനായർ പറയുന്നത്.
കോഴിക്കോട് എടക്കാട് സ്വദേശിയായ അപ്പുണ്ണിനായർ ജോലിയും വിവാഹവുമായി ബന്ധപ്പെട്ടാണ് പാലക്കാട്ടെത്തിയത്. നാലാംവയസിൽ അമ്മ മരിച്ചപ്പോൾ പിന്നെ അച്ഛനായി ഏകതണൽ. ഗാന്ധിജിയായിരുന്നു റോൾ മോഡൽ. മലബാർ ക്രിസ്ത്യൻ കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യരംഗത്ത് ഏറെ ശ്രദ്ധേയനായി. കോളജ് പഠനകാലത്ത് നോവലുകൾ എഴുതി സാഹിത്യലോകത്ത് ശ്രദ്ധ നേടി. കഥ, കവിത, നാടകം തുടങ്ങിയവയും സൃഷ്ടികളായുണ്ട്. ആരോഗ്യവകുപ്പിൽ ജോലി ചെയ്യുമ്പോൾ 1982ൽ മികച്ച കുടുംബക്ഷേമപ്രവർത്തനത്തിലുള്ള ദേശീയ അവാർഡും 1990 ൽ സംസ്ഥാനത്തെ മികച്ച ഹെൽത്ത് സൂപ്പർവൈസർ ബഹുമതിയും ലഭിച്ചു.
ഭാര്യ റിട്ട. അധ്യാപിക തങ്ക, ഡോക്ടറായ മകൾ ലീനാറാണി, മരുമകൻ സിവിഎം ടെക്സ്റ്റയിൽസ് മാനേജർ വിജയൻ, ക്വാളിറ്റി എൻജിനീയറായ ഇവരുടെ മകൻ എന്നിവർക്കൊപ്പം വള്ളിയോടാണ് താമസം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും മാനേജരായി റിട്ടയർ ചെയ്ത മീനാറാണി, റേഷനിംഗ് ഇൻസ്പെക്ടറായി റിട്ടയർ ചെയ്ത ബീനാറാണി, അഭിഭാഷകനായ ബിനുരാജ് എന്നിവരാണ് മറ്റു മക്കൾ.