ടോൾവിഷയം: ജനപ്രതിനിധികളുടെ തീരുമാനം വൈകുന്നു; ആശയക്കുഴപ്പം
1537189
Friday, March 28, 2025 1:49 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ ടോൾ വിഷയത്തിൽ ഏഴര കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ച് ടോൾ കമ്പനി അന്തിമ നടപടികളിലേക്ക് നീങ്ങുമ്പോഴും വിഷയത്തിലുള്ള ജനപ്രതിനിധികളുടെ തീരുമാനം വൈകുന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ടോൾപ്ലാസയിൽ നിന്നും ഏഴര കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണം പൂർത്തിയായതായി ടോൾ അധികൃതർ പറഞ്ഞു. രേഖകൾ സമർപ്പിക്കാത്തവർക്ക് ഏപ്രിൽ ഒന്നു മുതൽ സൗജന്യയാത്ര അനുവദിക്കുന്നതല്ലെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ 14 ന് പി.പി. സുമോദ് എംഎൽഎ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ടോൾപ്ലാസയിൽ നിന്നും നാല് ദിക്കിലേക്കും സൗജന്യ പ്രവേശനം നൽകേണ്ട സ്പോട്ടുകൾ (സ്ഥലങ്ങൾ) കണ്ടെത്തി ദൂരപരിധികളിൽ ഏറ്റക്കുറച്ചിലുകൾ നടത്തുമെന്ന് പറഞ്ഞിരുന്നു.
ഒഴിവാക്കേണ്ട പ്രദേശങ്ങൾ ഒഴിവാക്കിയും ഉൾപ്പെടുത്താനുള്ളത് ഉൾപ്പെടുത്തിയും ക്രമീകരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതിനായി എഡിഎമ്മിന്റെ നേതൃത്വത്തിൽ പരിശോധനകളും നടന്നു. അന്തിമതീരുമാനം സർവകക്ഷിയോഗം വിളിച്ച് വ്യക്തത വരുത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ ടോൾകമ്പനി സ്വീകരിക്കുന്ന നിലപാടുകളും സർവകക്ഷിയോഗ തീരുമാനങ്ങളും രണ്ട് വഴിക്കാകുന്നതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ദൂരപരിധി ഏഴരകിലോമീറ്റർ തന്നെയാകുമോ അതോ ഒഴിവാക്കപ്പെടേണ്ട സ്പോട്ടുകൾ കണ്ടെത്തി ദൂരപരിധി പത്ത് കിലോമീറ്റർ വരെ കിട്ടുമോ എന്നതിന് വ്യക്തത വരുത്തണമെന്നാണ് ആവശ്യം.
ഏഴര കിലോമീറ്ററിനുള്ളിൽ തന്നെയുള്ളവർക്ക് ഇനിയും രേഖകൾ സമർപ്പിക്കാൻ അവസരം കൊടുക്കുമോ തുടങ്ങിയ സംശയങ്ങളുമുണ്ട്. രേഖകൾ ഇനി സ്വീകരിക്കില്ലെന്നാണ് ടോൾകമ്പനി പറയുന്നത്. രേഖകൾ കൃത്യമായി നൽകിയവർക്ക് ഏപ്രിൽ ഒന്നുമുതൽ നിലവിൽ വാഹനത്തിലുള്ള ഫാസ്ടാഗ് ഉപയോഗിച്ച് ഏത് ട്രാക്കിലൂടെയും പോകാനാകും. കടന്നുപോകുമ്പോൾ റീഡിംഗ് കാണിക്കുമെങ്കിലും പണം നൽകേണ്ടതില്ലെന്നും ടോൾ അധികൃതർ പറഞ്ഞു. നിലവിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ ഓഫീസിൽ നിന്നും ഫാസ്ടാഗ് നൽകും.