പൊറ്റശേരി സ്കൂളിന്റെ അഞ്ചാമത്തെ സ്നേഹവീടൊരുങ്ങി
1537188
Friday, March 28, 2025 1:49 AM IST
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എസ്പിസി യൂണിറ്റുകളുടെ സംയുക്തസംരംഭമായ കൂടൊരുക്കൽ പദ്ധതിയിൽ അർഹരായ സഹപാഠികൾക്കായി നിർമിക്കുന്ന അഞ്ചാമത്തെ സ്നേഹവീടിന്റെ നിർമാണം പൂർത്തിയായി. പൊറ്റശേരി നരിയങ്കോട് അകാലത്തിൽ പിതാവ് മരണപ്പെട്ട മൂന്ന് സഹപാഠികൾക്കായാണ് സ്നേഹഭവനം നിർമിച്ചത്.
എഴുന്നൂറു ചതുരശ്രഅടി വിസ്തീർണമുള്ള വീടിന് എട്ട് ലക്ഷത്തോളം രൂപ ചെലവായി. സ്ക്രാപ്പ് ചലഞ്ച്, കുട്ടികൾ നട്ടുവളർത്തിയ ജൈവ ഉത്പന്നങ്ങളുടെ വിപണനം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ തന്നെയാണ് ഭൂരിഭാഗം തുകയും സമാഹരിച്ചത്. അധ്യാപകരുടേയും രക്ഷകർത്താക്കളുടേയും മറ്റ് സുമനസുകളുടേയും സംഭാവനകളും കൂടൊരുക്കലിന് കരുത്തേകി. സ്നേഹവീട് പരിസരം ഫലവൃക്ഷത്തൈകളും പൂച്ചെടികളും വെച്ച് കുട്ടികൾ മനോഹരമാക്കി.
പ്രിൻസിപ്പൽ പി. സന്തോഷ്കുമാർ, ഹെഡ്മാസ്റ്റർ പി. മണികണ്ഠൻ, പിടിഎ പ്രസിഡന്റ് കെ.എസ.് സുനേഷ്, കൂടൊരുക്കൽ കമ്മിറ്റി ഭാരവാഹികളായ എസ്. സനൽകുമാർ, ദിവ്യ അച്യുതൻ, മൈക്കിൾ ജോസഫ്, എച്ച്. അനീസ്, സി.കെ. ജിഷ്ണവർധൻ, ലീഡർമാരായ വി. അജിൻ, പി. ശ്രേയ, നയന ജോസഫ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. നാളെ രാവിലെ 9.30 ന് നരിയങ്കോട് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അധ്യക്ഷത വഹിക്കും.