ഭൂമിതർക്കങ്ങൾക്കു പരിഹാരമാകും; ഒറ്റപ്പാലത്ത് ഡിജിറ്റൽ സർവേ തുടങ്ങി
1537187
Friday, March 28, 2025 1:49 AM IST
ഒറ്റപ്പാലം: താലൂക്ക് സർവേ, ഭൂരേഖാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് ഡിജിറ്റൽ സർവേ തുടങ്ങി. ഒറ്റപ്പാലം-ഒന്ന് വില്ലേജോഫീസ് പരിധിയിലെ കണ്ണിയംപുറത്തെ വാർഡുകളിലാണ് നിലവിൽ സർവേ നടക്കുന്നത്.
ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ വില്ലേജിലെ എല്ലാ കൈവശഭൂമികളുടെയും അതിർത്തികൾ ഇലക്ട്രോണിക്സ് വേലികളായി മാറും. ഭൂമിസംബന്ധമായ തർക്കങ്ങൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കണ്ണിയംപുറത്തിനുശേഷം സൗത്ത് പനമണ്ണ, വരോട്, തോട്ടക്കര, വാടാനാംകുറുശി, ഒറ്റപ്പാലം പട്ടണത്തിന്റെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലും ഡിജിറ്റൽ സർവേ നടത്തും. നിലവിൽ രണ്ട് സർവേയർമാരാണുള്ളത്. രണ്ടുപേരും കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്. രണ്ട് സർക്കാർ സർവേയർമാരെക്കൂടി റവന്യൂവകുപ്പ് നിയോഗിച്ചിട്ടുണ്ട്. റിയൽടൈം കൈൻമാറ്റിക് (ആർടികെ) എന്ന യന്ത്രമുപയോഗിച്ചാണ് സർവേ നടത്തുന്നത്. ആറുമാസത്തിനകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇടയിൽ മഴക്കാലം കടന്നുപോകേണ്ടതുണ്ടെന്നതിനാൽ വൈകാനിടയുണ്ട്. ഒറ്റപ്പാലത്തിനുശേഷം ലക്കിടിയിൽ സർവേ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-ഒന്ന് വില്ലേജ് പരിധിയിലെ ഡിജിറ്റൽ സർവേ പൂർത്തിയായിരുന്നു. നെല്ലായ വില്ലേജിലും നേരത്തേ സർവേ തുടങ്ങിയിരുന്നു. ഒരുവർഷത്തോളമെടുത്താണ് ഇവിടെ സർവേ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥർ സമീപിക്കുമ്പോൾ വസ്തുവിന്റെ ആധാരം, നികുതിയടച്ച രശീത്, മൊബൈൽ നമ്പർ എന്നിവ നൽകുകയും മൊബൈലിലേക്ക് സന്ദേശമായെത്തുന്ന വേരിഫിക്കേഷൻ കോഡ് കൈമാറുകയും ചെയ്യണമെന്ന് അധികൃതർ പറയുന്നു.
ഒപ്പം കൈവശവസ്തുവിന്റെ അതിരുകൾ കൃത്യമായി കാണിച്ചുകൊടുക്കണം. അതിർത്തി രേഖപ്പെടുത്താത്തവർ അതിരടയാളം സ്ഥാപിക്കണം. ഒപ്പം അതിർത്തിയിലെ കാടുവെട്ടിതെളിക്കണം. നികുതിയടച്ച രശീത് താത്കാലികമാണെങ്കിൽ അത് വില്ലേജോഫീസിൽ കാണിച്ച് സ്ഥിരം തണ്ടപ്പേരാക്കി മാറ്റി സർവേ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും അധികൃതർ അറിയിച്ചു.