ആശാവർക്കർമാർക്ക് സാന്പത്തികസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ ബജറ്റ്
1536979
Thursday, March 27, 2025 6:33 AM IST
പാലക്കാട്: ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ ബജറ്റ്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും വർഷത്തിൽ 12,000 രൂപ നൽകുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കി. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആശാ വർക്കർമാർക്ക് തുക അനുവദിക്കും. ബിഒസി റോഡിൽ തെരുവോര കച്ചവടക്കാർക്ക് വേണ്ടി ബങ്ക് ഷോപ്പുകൾ നിർമിക്കാൻ പദ്ധതി രൂപീകരിക്കും.
പാലക്കാടിനെ ഹരിതനഗരമാക്കും. കോട്ടമൈതാനം അഞ്ചുവിളക്ക് മുതൽ കല്പാത്തി കുണ്ടന്പലം വരെയുള്ള റോഡ് ഹരിതപാതയായി പ്രഖ്യാപിക്കും. റോഡിന്റെ ഇരുവശത്തും കൈവരികളും സാധ്യമായ സ്ഥലങ്ങളിൽ ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ എന്നിവ സ്ഥാപിക്കും. ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ 25 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കോട്ടയുടെ മുൻവശത്തുള്ള പാത മനോഹര നടപ്പാതയാക്കാൻ ഒരുകോടി രൂപ വകയിരുത്തി. അടിയന്തര സാഹചര്യങ്ങളിൽ റോഡുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനായി റണ്ണിംഗ് കോണ്ട്രാക്റ്റ് ഏർപ്പെടുത്തും. അതിനായി 20 ലക്ഷംരൂപ വകയിരുത്തും. അടുത്ത സാന്പത്തിക വർഷം പത്ത് പുതിയ റോഡുകൾക്കായി ഒരു കോടിരൂപ വകയിരുത്തി.
നഗരത്തിലെ പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ എൽഇഡി മാതൃകയിലാക്കുവാൻ 50 ലക്ഷംരൂപ വകയിരുത്തി. സ്ട്രീറ്റ് ലൈറ്റ് അറ്റകുറ്റപണി, ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളുടെ പരിപാലനത്തിനുമായി 75 ലക്ഷംരൂപയും വകയിരുത്തി. തിരുനെല്ലായ് പുഴയോട് ചേർന്നുള്ള റിവർ ഫ്രണ്ട് പദ്ധതിക്കായി ഒരുകോടി രൂപ നീക്കിവച്ചു. വലിയങ്ങാടിയിലെ പച്ചക്കറി മാർക്കറ്റ്, മത്സ്യമാർക്കറ്റ് നവീകരണത്തിനായി യഥാക്രമം 75, 50 ലക്ഷംരൂപ വീതം വകയിരുത്തി.
വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മുനിസിപ്പൽ ബോണ്ടുകൾ വഴി ധനസമാഹരണം നടത്തും. നാപ്കിൻ ഇൻസിനറേറ്ററിന്റെ കപ്പാസിറ്റി വർധിപ്പിക്കാൻ 50 ലക്ഷംരൂപ. ഭിന്നശേഷിക്കാർക്ക് വേണ്ടി ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ നിർമിക്കും. നഗരസഭയുടെ അധീനതയിലുള്ള സ്കൂളുകളുടെ അറ്റകുറ്റപണികൾ നടത്താനായി 20 ലക്ഷംരൂപ. 750 ൽഅധികം കുട്ടികളുള്ള സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 25 ലക്ഷം. പട്ടികജാതി വികസനത്തിനായി മൂന്നുകോടിരൂപ വകയിരുത്തി. ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാൻ പാലിന് സബ്സിഡി പദ്ധതിയിൽ 12 ലക്ഷംരൂപ വകയിരുത്തി.
കുഞ്ഞുണ്ണിമാഷിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ വരികൾ ഉദ്ധരിച്ചാണ് ഈ ഭരണസമിതിയുടെ അവസാനബജറ്റ് പ്രസംഗം ആരംഭിച്ചത്. പ്ലാൻഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തെത്തിയതും കഴിഞ്ഞ നാലരവർഷത്തെ ഭരണനേട്ടങ്ങളും എണ്ണിപറഞ്ഞതിനൊപ്പം കേന്ദ്ര, കേരള സർക്കാരുകളെയും നഗരസഭയിലെ പ്രതിപക്ഷത്തെയും പ്രശംസിക്കാനും ഇ. കൃഷ്ണദാസ് ശ്രദ്ധിച്ചു. നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു. 126.7 കോടിരൂപ വരവും 82.86 കോടി ചെലവും 43.84 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2024-25 വർഷത്തെ പുതുക്കിയ ബജറ്റും, 2025-26 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുമാണ്് വൈസ് ചെയർമാൻ അവതരിപ്പിച്ചത്.