ദേശീയപാതയിലുടനീളം ഗോ സ്ലോ ബോർഡുകൾ; ടോൾബൂത്തിലാണെങ്കിൽ ഇടയ്ക്കിടെ നിരക്ക് വർധന
1536978
Thursday, March 27, 2025 6:33 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസ ഉൾപ്പെടുന്ന വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയിൽ എല്ലായിടത്തും ഗോ സ്ലോ ബോർഡുകൾ. ശരാശരി വേഗതയിൽ പോലും വാഹനങ്ങൾ ഓടിക്കാനാകില്ല. എന്നാൽ ടോൾനിരക്കുകൾ ഇടക്കിടെ വർധിപ്പിച്ച് പകൽകൊള്ള നടത്തുന്നതിൽ യാതൊരു കുറവുമില്ല.
പുതിയ വർധിപ്പിച്ച നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ചില പത്രങ്ങളിൽ മാത്രം വർധിപ്പിച്ച നിരക്കുകളുടെ പരസ്യം നൽകി വീണ്ടും വാഹനയാത്രക്കാരെ പിഴിയുകയാണ് ടോൾ കമ്പനി. കാർ, ജീപ്പ്, വാൻ, എൽഎംവി വാഹനങ്ങൾ എന്നിവക്ക് ഒരു യാത്രയ്ക്കുള്ള തുക 115 രൂപയും ഒരു ദിവസം മടക്കയാത്രക്കു കൂടിയുള്ള തുക 170 രൂപയുമായി വർധിപ്പിച്ചു. ലൈറ്റ് കൊമേഴ്സ്യൽ വാഹനം, ലൈറ്റ് ഗുഡ്സ് വാഹനം, മിനിബസ് എന്നിവക്ക് ഒരു യാത്രയ്ക്കുള്ള തുക 180 രൂപയും ഒരേദിവസം മടക്കയാത്രക്കു കൂടിയുള്ള തുക 265 രൂപയുമായി കൂട്ടി. ബസ്, ട്രക്ക് മറ്റു ടു ആക്സിൽ വാഹനങ്ങൾക്ക് ഒരു യാത്രയ്ക്കുള്ള തുക 360 രൂപയും ഒരേദിവസം മടക്കയാത്രക്കു കൂടിയുള്ള തുക 540 രൂപയുമായി ഉയർത്തി. ഇത്തരം വാഹനങ്ങൾക്ക് 50 ഒറ്റയാത്രക്ക് ഒരു മാസത്തേക്കുള്ള പാസ് എടുക്കുന്നതിനുള്ള തുക 12005 രൂപയായി ഉയർത്തി.
വർധിപ്പിച്ച ഈ നിരക്കുകൾ നിർമാണം പൂർത്തിയാക്കിയ കുതിരാനിലെ തുരങ്കപാതകൾ ഉൾപ്പെടെ വരുന്ന 28.355 കിലോമീറ്റർ റോഡിനാണെന്നാണ് ടോൾകമ്പനി പറയുന്നത്. എന്നാൽ നിർമാണം പൂർത്തീകരിച്ചെന്ന് അവകാശപ്പെടുന്ന ആറുവരിപ്പാതയിൽ പത്തോളംസ്ഥലത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നതേയുള്ളു. സർവീസ്റോഡുകളും അഴുക്കുചാൽനിർമാണവും ഇനിയും പലഭാഗത്തും കൂട്ടിമുട്ടിച്ചിട്ടില്ല.
വാണിയംപാറയിലും കല്ലിടുക്കിലും മുടിക്കോടും മേൽപ്പാലങ്ങളുടെ പണിനടക്കുകയാണ്. ഇവിടെയെല്ലാം വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സ്ഥിതിയുണ്ട്. ടോൾപ്ലാസയിൽ നിന്നും 20 കിലോമീറ്ററിനുള്ളില് വാഹനം രജിസ്റ്റർ ചെയ്തു താമസിക്കുന്ന വാണിജ്യേതര വാഹനങ്ങൾക്ക് കലണ്ടർമാസത്തിൽ 350 രൂപ നിരക്കിൽ പ്രവേശനപാസ് എടുക്കണമെന്നും പറയുന്നുണ്ട്. പാത നിർമാണം പൂർത്തിയായെന്ന് ചൂണ്ടിക്കാട്ടി 2022 മാർച്ച് ഒമ്പതാം തീയതി അർധരാത്രി മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത്.