നെന്മാറ-വല്ലങ്ങിവേല: ഒരുക്കങ്ങൾ വിലയിരുത്തി
1536972
Thursday, March 27, 2025 6:33 AM IST
നെന്മാറ: ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറവേലയുടെ ഒരുക്കങ്ങൾ വിലയിരുത്തി. ആരോഗ്യസുരക്ഷ, കുടിവെള്ളം, വൈദ്യുതി എന്നിവയ്ക്ക് പ്രാധാന്യം നൽകും. ആവശ്യമായ ഇടങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. വോൾട്ടേജ്ക്ഷാമം പരിഹരിക്കാൻ നടപടി ഉണ്ടാകും. 24 മണിക്കൂറും തടസമില്ലാതെ വെള്ളം വിതരണത്തിന് സംവിധാനം ഏർപ്പെടുത്തി.
നെന്മാറ സാമൂഹികആരോഗ്യകേന്ദ്രത്തിൽ വേലയോടനുബന്ധിച്ച് 4 ഡോക്ടർമാരെ നിയമിച്ചതോടെ 12 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.വേലയോട് അനുബന്ധിച്ച് 16 നഴ്സിംഗ് ഇതര ജീവനക്കാരെ ഡിഎംഒ നിയമിച്ചു. ആരോഗ്യവകുപ്പ് 6 ആംബുലൻസുകളെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികമായി വിട്ടുനൽകും. ഇതിൽ മൂന്നെണ്ണം നെന്മാറ ആശുപത്രിയിലും മൂന്നെണ്ണം വിവിധ പ്രദേശങ്ങളിലുമായി നിലയുറപ്പിക്കും. ഇതുകൂടാതെ മോട്ടോർ വാഹന വകുപ്പ് ലഭ്യമാക്കുന്ന ആംബുലൻസുകൾ അഗ്നിരക്ഷാസേനയോടൊപ്പം പ്രവർത്തിക്കും.
സ്വകാര്യആശുപത്രികൾ ഉൾപ്പെടെയുള്ളവരുടെ ആംബുലൻസ് സേവനവും ക്ഷേത്രപരിസരം മുതൽ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജലപരിശോധനയും ഭക്ഷ്യവില്പന കേന്ദ്രങ്ങളിലും വേലയ്ക്ക് മുൻപായി പരിശോധന നടത്തും. ആനകൾക്കൊപ്പം മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗം എലിഫന്റ് സ്ക്വാഡും അനുഗമിക്കും. വേലയ്ക്ക് വരുന്നവരുടെ സുരക്ഷയ്ക്കായി ക്ഷേത്രക്കുളത്തിന് ചുറ്റുമായി ബാരിക്കേഡുകളും വെടിക്കെട്ട് നടക്കുന്ന പ്രദേശത്ത് ഇരട്ട ബാരിക്കേഡും സ്ഥാപിക്കും.
വേലയ്ക്ക് മുന്നോടിയായി ദേശങ്ങളിലെ താലപ്പൊലി, കരിവേല തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിൽ 70 പോലീസുകാരെ വിന്യസിക്കും. നെന്മാറ ആശുപത്രി ജംഗ്ഷൻ മുതൽ നെല്ലിക്കുളങ്ങര ക്ഷേത്രം വരെ റോഡിന്റെ ഒരു വശത്ത് മാത്രമേ വഴിയോരക്കച്ചവടക്കാരെ അനുവദിക്കുകയുള്ളൂ. കളക്ടർ, ജില്ലാ സൂപ്രണ്ട്, ഡിഐജി തുടങ്ങിയവർ വേല അവലോകനം നടത്തും. കെ. ബാബു എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. മണികണ്ഠൻ. എഡിഎം എൻ. മുരളീധരൻ, ഡിവൈഎസ്പി അബൂബക്കർ സിദ്ദിഖ്, പോലീസ് ഇൻസ്പെക്ടർ എ.പി. അനീഷ്, നെന്മാറ ദേശം വേല കമ്മിറ്റി പ്രസിഡന്റ് കെ. രാജഗോപാൽ, സെക്രട്ടറി കെ. പ്രശാന്ത്, വല്ലങ്ങി ദേശം പ്രസിഡന്റ് സി.ആർ. ജയകൃഷ്ണൻ, സെക്രട്ടറി കെ.സേതുമാധവൻ, നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, വൈസ് പ്രസിഡന്റ് സി. പ്രകാശൻ തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.