വിളയോടി വഴി കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ആരംഭിക്കണം
1512926
Tuesday, February 11, 2025 2:10 AM IST
വണ്ടിത്താവളം: മീനാക്ഷിപുരത്തുനിന്നും വിളയോടിവഴി കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം.
മീനാക്ഷിപുരം -കോയമ്പത്തൂർ റൂട്ടിലോടിയിരുന്ന തമിഴ്നാട് സർക്കാരിന്റെ ചേരൻ ട്രാൻസ്പോർട്ട് ഒന്നരവർഷം മുൻപ് നിർത്തലാക്കി.
ഈ ബസിന് നല്ല വരുമാനമുണ്ടായിട്ടും സർവീസ് നിർത്തി വെച്ചത് സ്വകാര്യബസുടമകളുടെ പ്രലോഭനം മൂലമാണെന്ന ആരോപണവുമുണ്ട്. മീനാക്ഷിപുരം, മൂലക്കട, നെല്ലിമേട്, പ്ലാച്ചിമട, കന്നിമാരി പാട്ടികുളം, നന്ദിയോട്, വണ്ടിത്താവളം ഉൾപ്പെടെ സ്ഥലങ്ങളിൽ നിരവധി യാത്രക്കാർ സിടിസി ബസിനെയാണ് ആശയിച്ചിരുന്നത്.
നിലവിൽ കൈക്കുഞ്ഞുങ്ങളുമായി യാത്രക്കാർ തത്തമംഗലത്തെത്തിയാണ് കോയമ്പത്തൂർ യാത്ര ചെയ്യുന്നത്.
തത്തമംഗലത്തുനിന്നും പുറപ്പെടുന്ന ബസുകളിൽ മിക്കസമയത്തും വൻ തിരക്കാണ്. കൂടാതെ ബസ് മാറി കയറുമ്പോൾ അധികനിരക്കും കൊടുക്കേണ്ടതുണ്ട് .
തമിഴ്നാട് ബസ് ദിവസേന രണ്ട് സർവീസ് നടത്തിയിരുന്നതിനാൽ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദവുമായിരുന്നു. മീനാക്ഷിപുരത്തു നിന്നും വിളയോടി വഴി കോയമ്പത്തൂരിലേക്ക് പത്തുകിലോമീറ്റർ ദൂരക്കുറവായതിനാൽ നിരക്കിൽ കുറവാകുമെന്നതും ആശ്വാസമാകും.
കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി ആരംഭിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ്മന്ത്രിക്ക് നിവേദനം നൽകി.