റബർ കർഷകർ പ്രതിസന്ധിയിൽ
1512159
Saturday, February 8, 2025 1:02 AM IST
കല്ലടിക്കോട്: കടുത്ത ചൂടും വെയിലും മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിൽ റബർ കർഷകർ പ്രതിസന്ധിയിൽ. വേനൽ കടുത്തതോടെ റബറിന്റെ ഇലകൾ പൊഴിഞ്ഞുതുടങ്ങി. പട്ട ഉണങ്ങാനും പാൽ വരവ് കുറയാനും ഇത് കാരണമായി. വന്യമൃഗങ്ങളുടെ ആക്രമണവും തൊഴിലാളികളുടെ അഭാവവും മൂലം ടാപ്പിങ്ങിനു പോലും ആളുകളെ കിട്ടാത്ത അവസ്ഥയാണ്.
വെളുപ്പിനെ മൂന്നു മണിക്കും നാലുമണിക്കും തൊഴിലാളികൾ ടാപ്പിങ്ങിനിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ കാട്ടുമൃഗങ്ങളെ പേടിച്ച് നേരം വെളുത്ത് ഏഴുമണിക്കാണ് പലരും ടാപ്പിങ്ങിനായി റബർ തോട്ടങ്ങളിൽ എത്തുന്നത്. ചൂടു കൂടിയതോടെ പാലിന്റെ അളവ് കുറയുകയും ചിരട്ടയിൽ ഇരുന്ന് തന്നെ ഉറയുകയും ചെയ്യുന്നുണ്ട്.
പാലിന്റെ അളവ് കുറഞ്ഞതോടെ കർഷകർ പാലൂറ്റി ഷീറ്റാക്കാതെ ചിരട്ടയിൽ വെച്ചുതന്നെ കട്ടിയാക്കി ചണ്ടിയാക്കി ഉണക്കി യെടുക്കുകയാണ്. പണി കുറയ്ക്കാനുള്ള മാർഗം കൂടിയാണിത്.
റബർ ടാപ്പ് ചെയ്യുന്നതിനും പാലെടുത്ത് ഉറച്ച് ഷീറ്റാക്കുന്നതിനും പ്രത്യേകം പ്രത്യേകം കൂലിയാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഷീറ്റ് ഉണക്കി കടയിൽ കൊടുത്താൽ പണിക്കൂലി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
റബർ മരത്തിന്റെ പട്ട ഉണങ്ങിതുടങ്ങിയതോടെ പലരും ടാപ്പിംഗ് നിർത്തിയിരിക്കുകയാണ്.
ഒരു കിലോ ഉണക്ക റബറിന് 300 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ നിലനിന്നു പോകാനാകൂ എന്നാണ് കർഷകർ പറയുന്നത്.
തറവില നിശ്ചയിക്കുകയും കർഷകർക്ക് സബ്സിഡി വിലയിൽ വളവും കീടനാശിനികളും നൽകണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.