ജനകീയ-പ്രകൃതിദത്ത-വിനോദസഞ്ചാര പദ്ധതിയുമായി പാലക്കയം കുടിയേറ്റമേഖല
1512914
Tuesday, February 11, 2025 2:10 AM IST
ഡോ. മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: പാലക്കയത്തിന്റെ ഹരിതസൗന്ദര്യത്തെയും ജൈവകൃഷിയെയും ഫാം സന്ദർശനത്തെയും കേന്ദ്രീകരിക്കുന്ന ജനകീയ-പ്രകൃതിദത്ത-ഗ്രാമീണ-വിനോദസഞ്ചാര പദ്ധതിയുമായി നാട്ടുകാർ രംഗത്ത്.
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, ഗ്രാമ, പ്രാദേശിക സമൂഹവികസനത്തിന് വിനോദസഞ്ചാരത്തെ ഉപയോഗപ്പെടുത്തുക, കൃഷി തോട്ടങ്ങൾ സന്ദർശിച്ച് കൃഷിയെ അറിയുക, കൂടുതല്‍ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയിലൂന്നിയാണ് പദ്ധതി.
പാരമ്പര്യ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ധാരാളം കർഷകരും കർഷക തൊഴിലാളികളും ഇവിടെയുണ്ട്.
എല്ലാവിധ കാർഷികവിളകളും സമന്വയിപ്പിച്ചുകൊണ്ട് കൃഷി ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. കല്ലാർപുഴ, ചീനിക്കപ്പാറ പുഴ, അച്ചിലട്ടി പുഴ, മുണ്ടനാടൻ പുഴ എന്നിവയാണ് കൃഷിക്കും ജലസേചനത്തിനുമായുള്ളത്.
പാരമ്പര്യതനിമ വിളിച്ചോതുന്ന ഗോത്രകലകളും ഇവിടുത്തെ പ്രത്യേകതയാണ്. നാടൻ പാട്ട്, ആദിവാസി കലാരൂപങ്ങൾ, കരകൗശല നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരൊക്കെ ഗ്രാമീണ സഞ്ചാരത്തിന് യോജിച്ചതാണ്. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലേക്ക് ട്രക്കിംഗ് നടത്തുന്നതും സാഹസിക സഞ്ചാരികൾക്ക് ആകർഷകമാവും.
തനിനാടൻ ഭക്ഷണ വിഭവങ്ങൾ സന്ദർശകർക്ക് ആസ്വദിക്കാനാവും. പാലക്കയം വില്ലേജിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ നവീനമായ ആശയങ്ങൾ, കാർഷിക ടൂറിസം, കാർഷിക പൈതൃകവും അതിന്റെ പാചകപാരമ്പര്യവും, ഹോംസ്റ്റേ, മൂല്യവർധിത ഉത്പന്ന നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുമായുള്ള സംഭാഷണം തുടങ്ങി സമഗ്രമായ ഒരു പാക്കേജ് ആയിരിക്കും ഗ്രീൻ പാലക്കയം.
ഇതിന്റെ ഭാഗമായി വിവിധ കർഷക പുരസ്കാരങ്ങൾ നേടിയ ബിജു ജോസഫിന്റെ ഫാം ഗ്രീൻ പാലക്കയം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കേണ്ടതായ വളരെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയുള്ള പ്രദേശമാണ് പാലക്കയം മലമടക്കുകൾ.
ഓരോ യാത്രികനും പാലക്കയത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതി ടൂറിസവും ഒരു ഗൃഹാന്തരീക്ഷം ആസ്വദിച്ചതിന്റെ സംതൃപ്തിയോടെ തിരിച്ചുപോവുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായി കോ-ഓർഡിനേറ്റർ സജീവ് പാലക്കയം അറിയിച്ചു.