വിവിധ പള്ളികളിൽ തിരുനാൾ ആഘോഷം
1512163
Saturday, February 8, 2025 1:02 AM IST
കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി
വടക്കഞ്ചേരി: കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിതിരുനാളിന് കൊടിയേറി. ഇന്നും നാളെയുമാണ് തിരുനാൾ. ഇടവക സമൂഹത്തിന്റെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ സ്നേഹവീടിന്റെ വെഞ്ചരിപ്പ് ശുശ്രൂഷകൾക്ക് ശേഷം ഇന്നലെ വൈകുന്നേരം രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കൊടിയേറ്റ് കർമം നിർവഹിച്ചു.
തുടർന്നുള്ള ആഘോഷമായ ദിവ്യബലിക്ക് ബിഷപ് കാർമികത്വം വഹിച്ചു.വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോബി വർഗീസ്, വൈസ് പ്രിൻസിപ്പൽ ഫാ. നോയൽ എന്നിവർ ദിവ്യബലിക്ക് സഹകാർമികരായി. ഫൊറോന വികാരി ഫാ. അഡ്വ. റെജി പെരുന്പിള്ളിൽ, ഫാ. മാത്യു പുത്തൻപറമ്പിൽ, ഫാ. ആനന്ദ് റാവു എന്നിവരും പങ്കെടുത്തു.
ദിവ്യബലിക്കു ശേഷം കാളാംകുളത്തെ കപ്പേളയുടെ കൂദാശ തിരുകർമവും ബിഷപ് നിർവഹിച്ചു. രാത്രി ആലപ്പി സൂര്യകാന്തി തീയറ്റേഴ്സിന്റെ നാടകവും അരങ്ങേറി.
ഇന്ന് വൈകുന്നേരം നാലിന് ആഘോഷമായ കുർബാന. വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ ഫാ. ലീരാസ് പതിയാൻ കാർമികനാകും. കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ സന്ദേശം നൽകും. തുടർന്ന് കാളാംകുളം കപ്പേളയിലേക്കും തിരിച്ച് പള്ളിയിലേക്കും പ്രദക്ഷിണം നടക്കും.
വികാരി ഫാ. ഡേവിസ് ചക്കുംപീടിക, കൈക്കാരന്മാരായ തോമസ് കൊച്ചുപറമ്പിൽ, സന്തോഷ് വെള്ളമറ്റത്തിൽ, കൺവീനർ ഷൈജു അറക്കൽ, ജോയിന്റ് കൺവീനർമാരായ റോയ് കുഴികുളത്ത്, ജെയ്മോൻ കൊച്ചുപറമ്പിൽ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.
കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന
കാഞ്ഞിരപ്പുഴ: സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷം ഇന്നും നാളേയും നടക്കും. ഇന്ന് വൈകുന്നേരം 3.30ന് മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. സേവിയർ വളയത്തിൽ കാർമികത്വം വഹിക്കുന്ന തിരുനാൾ പാട്ടു കുർബാന നടക്കും. കൊടുവായൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. അശ്വിൻ കണിവയലിൽ തിരുനാൾ സന്ദേശം നൽകും. 5. 30 വിശുദ്ധരുടെ രൂപങ്ങൾ വഹിച്ചുകൊണ്ട് കാഞ്ഞിരം കുരിശുപള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം നടക്കും. 7 .30ന് ആകാശ വിസ്മയം ആൻഡ് ബാൻഡ് ഡിസ്പ്ലേ.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10 ന് ഫാ. ഷിജോ മാവറയുടെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന. ഫാ. ജസ്റ്റിൻ കോലങ്കണ്ണി തിരുനാൾ സന്ദേശം നൽകും.
തുടർന്ന് കുരിശടിചുറ്റി പ്രദക്ഷിണം. വൈകുന്നേരം 6.30 ന് കൊച്ചിൻ ബിഗ് ബാൻഡ്, സ്റ്റേജ് ഷോ എന്നിവ നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് ഫൊറോന വികാരി ഫാ. ബിജു കല്ലിങ്കൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. നിവിൻ തെക്കൻ ഒഎഫ്എം, ഫാ. ബെർണാണ്ടോ കുറ്റിക്കാടൻ, കൈക്കാരന്മാരായ ഷിന്റോ മാവറയിൽ, ജെക്കോ പോൾ പൂവത്തിങ്കൽ, ജനറൽ കൺവീനർ ലിജു ഓലിക്കൽ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
കുമരംപുത്തൂർ ലൂർദ്മാത
മണ്ണാർക്കാട്: കുമരംപുത്തൂർ ലൂർദ്മാത പള്ളിയിൽ തിരുനാൾ ആഘോഷത്തിന് ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു. ഇടവക വികാരി സഹകാർമികനായിരുന്നു.
ഇന്ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജസ്റ്റിൻ ചിറയിൽ കാർമികത്വം വഹിക്കും. ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. ഫാ. ലിവിൻ ചുങ്കത്ത്, ഫാ ജെയിംസ് കാവാലത്ത് എന്നിവർ സഹകാർമികരായിരിക്കും. രാത്രി 7 .30ന് ആകാശവിസ്മയം, കലാഭവൻ നിഷാബ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവയുമുണ്ടാകും.
നാളെ രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് മുൻ വികാരിയും കാനഡ മിസിസാഗ രൂപതാംഗവുമായ റവ. ഡോ. ജോർജ് തുരുത്തിപ്പള്ളി കാർമികത്വം വഹിക്കും.
തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണവും കുരിശിന്റെ ആശീർവാദവും ഉണ്ടാകും. വൈകുന്നേരം 6.30 ന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.