പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയിലെ വാരിക്കുഴികൾ ഇന്നു മൂടിത്തുടങ്ങും
1512601
Monday, February 10, 2025 1:37 AM IST
ഷൊർണൂർ: പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ കുഴികളടക്കുന്ന പ്രവൃത്തികൾ ഇന്നു തുടങ്ങുമെന്നു പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതർ പറഞ്ഞു.
പത്തിരിപ്പാലമുതൽ കുളപ്പുള്ളിവരെയുള്ള പാതയിലെ കുഴികളാണടയ്ക്കുന്നത്. കഴിഞ്ഞദിവസം ഇരുചക്രവാഹനയാത്രികൻ അപകടത്തിൽപ്പെട്ട കണ്ണിയംപുറത്തെ കുഴി അടച്ചു.
കണ്ണിയംപുറം പെട്രോൾപമ്പിനു സമീപത്തുള്ള റോഡിലെ കുഴിയിൽപ്പെട്ട് ഇരുചക്രവാഹനയാത്രികന്റെ തോളെല്ലിനു പരിക്കേറ്റിരുന്നു. തുടർന്ന് വ്യാഴാഴ്ചരാത്രി ഇവിടത്തെ വലിയ 12 കുഴികൾ പൊതുമരാമത്ത് റോഡ്സ് വിഭാഗം അടയ്ക്കുകയായിരുന്നു. പത്തിരിപ്പാലമുതൽ കുളപ്പുള്ളിവരെ പാതയിൽ അപകടഭീഷണിയായി നിരവധി കുഴികളുണ്ട്. ബാക്കിയുള്ളവയാണ് ഇന്നുമുതൽ അടയ്ക്കുക.
നൂറുകണക്കിനുവാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ പലഭാഗത്തും രൂപപ്പെട്ട കുഴികൾ അപകടഭീതി ഉയർത്തിയിരുന്നു. ദിനംപ്രതി അപകടങ്ങൾ നടക്കുന്ന പാതയാണിത്. നല്ല പാതയായതിനാൽ വാഹനങ്ങൾ പൊതുവേ വേഗത്തിലാണ് സഞ്ചരിക്കാറുള്ളത്.
അതിനിടയിലാണ് കുഴികൾ രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ഭീഷണിയാകുന്നത്. കുഴികണ്ട് പെട്ടെന്നു വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.