ആനമൂളിയിൽ വാൻ താഴ്ചയിലേക്കു മറിഞ്ഞ് പത്തുപേർക്കു പരിക്ക്
1512921
Tuesday, February 11, 2025 2:10 AM IST
മണ്ണാർക്കാട്: തെങ്കര ആനമൂളിയിൽ ട്രാവലർ താഴ്ചയിലേക്കു കീഴ്മേൽ മറിഞ്ഞ് 10 യാത്രക്കാർക്ക് പരിക്കേറ്റു. ജെല്ലിപ്പാറയിൽനിന്ന് വയനാട് മാനന്തവാടിയിലുള്ള ധ്യാനകേന്ദ്രത്തിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികളായ തിരുഹൃദയഭവനിലെ തോമസിന്റെ ഭാര്യ ലീല (65), തിരുഹൃദയഭവനിലെ ജോസഫിന്റെ മകൻ തോമസ് (65), പാടക്കൂത്ത് വീട്ടിൽ മാത്യു (75), കൊഴുപ്പിൽ വീട്ടിൽ തോമസിന്റെ മകൻ ബെന്നി (56), വെണ്ണമറ്റത്തിൽ വീട്ടിൽ ജോസഫിന്റെ ഭാര്യ ലീല ജോസഫ് (52), മാവുംകുണ്ടിൽ വീട്ടിൽ സുകുമാരന്റെ ഭാര്യ മാരുതി (40), കിഴക്കേക്കര വീട്ടിൽ ഗോപിയുടെ ഭാര്യ ദീപ (39), തിരുഹൃദയം വീട്ടിൽ ഷിന്റോ തോമസ് (30), ഒലിക്കര വീട്ടിൽ ബാബുവിന്റെ ഭാര്യ ദേവി (48), ചെമ്മണ്ണൂർ നടത്തിൽവീട്ടിൽ രഞ്ജിത്തിന്റെ മകൻ ശ്രീജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്.
ആനമൂളിയിൽവച്ച് നായ വണ്ടിക്കു കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നായയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ ട്രാവലർ താഴ്ചയിലേക്കു മറിയുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് വട്ടമ്പലം മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മണ്ണാർക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.