സംസ്ഥാന ബജറ്റ്: കൂട്ടിയും കിഴിച്ചും മണ്ഡലങ്ങൾ
1512261
Sunday, February 9, 2025 1:07 AM IST
ഷൊർണൂർ മണ്ഡലത്തിൽ 67 കോടിയുടെ പദ്ധതികൾ
ഷൊർണൂർ: സംസ്ഥാന ബജറ്റിൽ 67 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഷൊർണൂർ മണ്ഡലത്തിൽനിന്നും ഇടംപിടിച്ചിരിക്കുന്നത്.
തൃക്കടീരി മാങ്ങോട് റോഡ് നവീകരണം, ചെർപ്പുളശ്ശേരി ഇഎംഎസ് റോഡ് നവീകരണം, നെല്ലായ ഗ്രാമപഞ്ചായത്തിൽ മിനിസിവിൽസ്റ്റേഷൻ നിർമിക്കൽ, ചളവറ ടൗൺ നവീകരണം, വെള്ളിനേഴി ഗവൺമെന്റ് ഹൈസ്കൂളിൽ പുതിയ കെട്ടിടം നിർമാണം, ചെർപ്പുളശ്ശേരി- പന്നിയംകുറിശ്ശി തൂത റോഡ് നവീകരണം രണ്ടാംഘട്ടം എന്നീ പദ്ധതികൾക്ക് ഒരുകോടി രൂപ വീതം വകയിരുത്തി.
ഷൊർണൂർ നഗരസഭ ഓഫീസ് ആധുനിക രീതിയിൽ നിർമിക്കുന്നതിന് രണ്ടുകോടി രൂപയും, അനങ്ങനടി മൃഗാശുപത്രി, വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിനും കെട്ടിടങ്ങൾ നിർമിക്കുന്നതിന് 50 ലക്ഷംരൂപ വീതവും വാണിയംകുളം ഗ്രാമപഞ്ചായത്തിലെ പറശ്ശേരി കുളം, അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പനമണ്ണ ചെറുകുളം, പണിക്കരുകുളം എന്നീ കുളങ്ങൾ നവീകരിക്കുന്നതിന് രണ്ടുകോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കൂടാതെ ചെർപ്പുളശ്ശേരി, കാറൽമണ്ണ സ്വദേശികളുടെയും മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് സ്വദേശികളുടെയും ചിരകാലസ്വപ്നമായ കാളികടവ് പാലം നിർമിക്കുന്നതിനു 25 കോടിരൂപയും ഷൊർണൂർ നിയോജകമണ്ഡലത്തിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കുന്നതിനു അഞ്ചു കോടി രൂപയും കൈലിയാട് എലിയെപ്പറ്റ റോഡ് നവീകരിക്കുന്നതിനു 15 കോടി രൂപയും വെള്ളിനേഴി കുളക്കാട് പകരാവൂർ കല്ലുവഴി റോഡ് നവീകരണത്തിനു മൂന്നുകോടി രൂപയും വാണിയംകുളം മൃഗാശുപത്രി ആധുനികവത്കരിക്കുന്നതിന് മൂന്നുകോടി രൂപയും തൃക്കടീരി തരുവക്കോണം ചളവറ റോഡ് നവീകരണ പ്രവർത്തികൾക്കായി രണ്ടുകോടി രൂപയും ഷൊർണൂർ വിഎച്ച്എസ്ഇ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് രണ്ടുകോടി രൂപയും അനങ്ങന്നടി വെള്ളാരംപാറ പത്താംകുളം തോട് നവീകരിച്ച് സംരക്ഷിക്കുന്നതിനു ഒരുകോടിരൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ
11 കോടിയുടെ പദ്ധതികൾ
ഒറ്റപ്പാലം: നിയോജക മണ്ഡലത്തിൽ പതിനൊന്ന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം. പത്ത് പദ്ധതികൾക്കാണ് പ്രധാനമായും ഈ തുക വകയിരുത്തിയിരിക്കുന്നതെന്ന് കെ.പ്രംകുമാർ എംഎൽഎ പറഞ്ഞു.
ഇതുപ്രകാരം മുന്നൂർക്കോട് സ്കൂളിൽ പുതിയ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മിക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചു. മണ്ഡലത്തിൽ കടമ്പഴിപ്പുറം പഞ്ചായത്തിലെ പുലാപ്പറ്റ ഗവ. ഹൈസ്കൂളിന് ഗ്രൗണ്ട് നിർമിക്കുന്നതിന്നും ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പുലാപ്പറ്റ ഉമ്മനഴി ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്നും ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ട്.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കിഴക്കുംപുറം - പോത്തുമുങ്ങിപ്പാറ റോഡിനും ഒരുകോടി രൂപ അനുവദിച്ചതായി എംഎൽഎ പറഞ്ഞു.
ലക്കിടിപേരൂർ ഗ്രാമപഞ്ചായത്തിലെ പേരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരുകോടി, കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തണ്ണീർപന്തൽ - തുമ്പക്കണ്ണി റോഡിന് ഒരുകോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ തിരുണ്ടിക്കുന്ന് നഗറിൽ പുതിയ പാലവും റോഡും നിർമിക്കുന്നതിന് 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഒറ്റപ്പാലം മുൻസിപ്പൽ ടൗൺ നവീകരണത്തിന് രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ശ്രീകൃഷ്ണപുരം ചന്തപ്പുര ടൗൺ നവീകരണത്തിന് ഒരുകോടി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.
പട്ടാമ്പി മണ്ഡലത്തിൽ
20 പദ്ധതികൾക്ക് അംഗീകാരം
ലഭിച്ചതായി എംഎൽഎ
ഷൊർണൂർ: സംസ്ഥാന ബജറ്റിൽ പട്ടാമ്പി മണ്ഡലത്തിൽ ഇരുപതു പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ.
സംസ്ഥാന ബജറ്റിൽ സമർപ്പിച്ച 20 പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എട്ടുപദ്ധതികൾക്ക് ഇരുപതു ശതമാനം ഫണ്ട് ഉൾപ്പെടുത്തി 11 കോടി രൂപ ആദ്യഘട്ടം അനുവദിച്ചു.
പട്ടാമ്പി ലേണിംഗ് കോൺസ്റ്റിറ്റ്യുവൻസി - ഒരുകോടി, മണ്ഡലത്തിലെ വിവിധ റോഡുകളുടെ അരികുസംരക്ഷണവും ഡ്രെയിനേജ് നിർമാണവും - മൂന്നുകോടി, വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ നവീകരണം - രണ്ടുകോടി, രായരനെല്ലൂർ തീർഥാടന കേന്ദ്രത്തിന്റെ നവീകരണം - ഒരുകോടി, മുളയങ്കാവ് ടൗൺ നവീകരണം - ഒരുകോടി, രാമഗിരി കോട്ട ടൂറിസം പദ്ധതി- ഒരുകോടി, മാനസമിത്ര പദ്ധതി - ഒരുകോടി, മണ്ഡലത്തിൽ റീഡിംഗ് കോർണറുകൾ - ഒരുകോടി, എന്നിവയാണ് ഇരുപതു ശതമാനം തുക അനുവദിച്ചിട്ടുള്ള പദ്ധതികൾ.
ഇതോടൊപ്പം തന്നെ സമർപ്പിച്ച 12 പദ്ധതികൾക്കു ടോക്കൺ ലഭിച്ചു.
കൊപ്പം ടൗണ്‍ സമഗ്ര നവീകരണം, തോണിക്കടവ് തടയണ നിര്‍മാണം, പട്ടാമ്പി ചെര്പ്പുളശ്ശേരിറോഡ്, വിളയൂര്‍ പഞ്ചായത്തിലെ ഗ്രൗണ്ട് നിര്‍മാണം, കുലുക്കല്ലൂര്‍- എരവത്ര –വല്ലപ്പുഴ റോഡ് ബിഎംബിസി, പട്ടാമ്പിയില്‍ മുതുതല പഞ്ചായത്തിലെ ഗ്രൗണ്ട് നിര്‍മാണം, പട്ടാമ്പി - ബൈപാസ് നിര്‍മാണവും , ഫ്ലൈഓവർ നിര്‍മ്മാണം, ചെങ്ങണംകുന്ന് റഗുലേറ്റർ ടൂറിസം പദ്ധതി, മൂതിക്കയം ജലസേചന പദ്ധതി, ആനക്കല്‍ ഇക്കോടൂറിസം, പട്ടാമ്പി- നിള- കള്‍ച്ചറല്‍ സെന്റര്‍, വല്ലപ്പുഴ ടൗണ്‍ നവീകരണം എന്നിവയാണിത്.
ഇന്ത്യയിലെ ആദ്യത്തെ ലേർണിഗ് കോൺസ്റ്റിറ്റുവൻസിയായി പട്ടാമ്പി മണ്ഡലത്തെ ഉയർത്തുന്നതിന് ഫണ്ട് അനുവദിച്ചു ബജറ്റ് അംഗീകാരം ലഭിച്ചത് ഏറെ ശ്രദ്ധേയമാണന്ന് എംഎൽഎ പറഞ്ഞു.
കൂടാതെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റീഡിംഗ് കോർണർ വരുന്നത് ഈ പദ്ധതിക്ക് മാറ്റുകൂട്ടും. സ്കൂളുകളിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന പട്ടാമ്പി മണ്ഡലത്തിലെ മാനസമിത്ര പദ്ധതിക്കും ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പട്ടാമ്പിയിൽ ആദ്യമായി ബൈപാസ് ഫ്ലൈ ഓവർ അടക്കം ബജറ്റിൽ പരാമർശിക്കാൻ കഴിഞ്ഞതിൽ അഭിമാനണ്ടെന്നും എംഎൽഎ പറഞ്ഞു.
ബജറ്റിൽ മണ്ണാർക്കാട് മണ്ഡലത്തിലെ
വിവിധ പദ്ധതികൾക്ക് അംഗീകാരം
മണ്ണാർക്കാട്: സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി എൻ. ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു.
കണ്ണംകുണ്ട് പാലം നിർമാണത്തിന് അധികമായി വേണ്ടിവരുന്ന സംഖ്യയിലേക്ക് മൂന്നുകോടി രൂപയും കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ പാറപ്പുറം കച്ചേരിപറമ്പ് ഗ്രാമീണറോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനു രണ്ടുകോടി രൂപയും അനുവദിച്ച് ഈ വർഷംതന്നെ ഭരണാനുമതി നൽകുന്ന പ്രവൃത്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസിൽ സ്റ്റുഡൻസ് ഹോസ്റ്റൽ നിർമാണം, ആലുങ്ങൽ കൊമ്പങ്കല്ല് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി, അഗളി ജെല്ലിപ്പാറ റോഡുനിർമാണം, ഷോളയൂർ പഞ്ചായത്തിലെ മേലെ സാമ്പാർകോഡ് പാലം നിർമാണം, വെള്ളിയാർപുഴയ്ക്ക് കുറുകെ പാതിരാമണ്ണ ശിവക്ഷേത്രത്തിനു സമീപം തടയണ നിർമാണം, മണ്ണാർക്കാട് കോടതികെട്ടിട സമുച്ചയം, കണ്ടമംഗലം കുന്തിപ്പാടം ഇരട്ടവാരി റോഡിന്റെ നിർമാണം, നായാടിക്കുന്ന് മിനിസ്റ്റേഡിയം, ചങ്ങലീരി സിഎച്ച് മെമ്മോറിയൽ സ്റ്റേഡിയം, അട്ടപ്പാടിയിൽ പുതിയ ഫയർസ്റ്റേഷൻ നിർമാണം, തത്തേങ്ങലം കല്ലംപൊട്ടി തോടിനുകുറുകെ പാലംനിർമാണം, മണ്ണാർക്കാട് നഗരസഭയിൽ നെല്ലിപ്പുഴയുടെ വലതുകരയിലും, തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ പൊട്ടിത്തോടിനും സംരക്ഷണഭിത്തികളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.