വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഫണ്ട് അനുവദിച്ചു
1512920
Tuesday, February 11, 2025 2:10 AM IST
ഷൊർണൂർ: രാമഗിരി കോട്ടയ്ക്ക് ശാപമോക്ഷം. ഗതകാലത്തിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കപ്പെടുമെന്നുറപ്പായി. ഓങ്ങല്ലൂർ പഞ്ചായത്തിലാണ് രാമഗിരികുന്ന് സ്ഥിതിചെയ്യുന്നത്. ഇതിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി ഒരുങ്ങുന്നത്. സംസ്ഥാന ബജറ്റിൽ രാമഗിരികുന്ന് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഓങ്ങല്ലൂരിലെ രാമഗിരികുന്നിൻമുകളിലാണ് ടിപ്പുസുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങളുള്ളത്. പാലക്കാട്ടെ കോട്ടയുടെ സംരക്ഷണത്തിനായാണ് ഇവിടെ കോട്ട പണിതതെന്നാണ് പറയപ്പെടുന്നത്. നിലവിൽ കോട്ട തകർന്നടിഞ്ഞ നിലയിലാണ്. വരുംതലമുറയ്ക്ക് ഗവേഷണ വിഷയമാക്കാനടക്കം സാധ്യതയുള്ള ഈ കോട്ട സംരക്ഷിക്കണമെന്നത് ഏറെനാളത്തെ ആവശ്യമാണ്. ഇവിടെ മ്യൂസിയമാക്കി സംരക്ഷിക്കണം എന്ന ആവശ്യം മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉന്നയിച്ചിരുന്നു.
പാലക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന പട്ടാമ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് കോട്ട നിലകൊള്ളുന്ന രാമഗിരിക്കാടുള്ളത്. ഒരുകാലത്ത് വളരെ തന്ത്രപ്രധാനമായിരുന്നു ഈ കോട്ട. രാമഗിരിക്കാടുകളിലെ ഉയരംകൂടിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഈ കോട്ടയ്ക്ക് രാമഗിരികോട്ട എന്ന പേരുവന്നത്.
മൈസൂർ ഭരണകാലത്ത് ഈ കോട്ട ഏതുപേരിലാണ് അറിയപ്പെട്ടിരുന്നതെന്നതടക്കം അജ്ഞാതമാണ്. രാമഗിരികോട്ട സംരക്ഷിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കിയാൽ ചരിത്രാന്വേഷികൾക്കത് വലിയ ഗുണകരമാകും.
ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം കൂടിയാണ് രാമഗിരികുന്ന്. സഞ്ചാരികൾ ഇപ്പോഴും രാമഗിരികോട്ട അന്വേഷിച്ച് ഇവിടെയെത്താറുണ്ട്.
കുത്തനെയുള്ള കയറ്റത്തിലൂടെ ഏറെ പണിപ്പെട്ട് വേണം കുന്നിൻമുകളിലെത്താൻ. ചരിത്രവിദ്യാർഥികളും മറ്റും ഗവേഷണങ്ങളുടെ ഭാഗമായി ഇവിടെയെത്താറുണ്ട്. അവശേഷിക്കുന്ന ഭാഗം സംരക്ഷിച്ച് മ്യൂസിയമാക്കിയാൽ വിദ്യാർഥികൾക്കടക്കം പ്രയോജനപ്പെടും. ഇതിനായി അധികൃതരുടെ ഇടപെടലും അനിവാര്യമാണ്. ഗതകാല ചരിത്രത്തിന്റെ സംരക്ഷണം കൂടിയാവും പുതിയ പദ്ധതി.