കുട്ടികളെ കേട്ടും സംവദിച്ചും മന്ത്രി എം.ബി. രാജേഷ്
1512263
Sunday, February 9, 2025 1:07 AM IST
തൃത്താല: നല്ല വിദ്യാർഥിയുടെ ലക്ഷണം ഉത്തരംഎഴുതുക മാത്രമല്ല നല്ലചോദ്യം ചോദിക്കുക എന്നതാണന്നും അറിവിന്റെ വളർച്ചയും സമൂഹത്തിന്റെ വളർച്ചയും ഉത്തരങ്ങളിൽ നിന്നല്ല ഉത്തരങ്ങളിലേക്കു നയിച്ച ചോദ്യങ്ങളിൽ നിന്നാണെന്നും മന്ത്രി എം.ബി. രാജേഷ്.
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ വിദ്യാര്‍ഥി സമൂഹവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായി ആവിഷ്കരിച്ച സ്റ്റുഡന്‍സ് സഭ തൃത്താല മണ്ഡലത്തില്‍ നാഗലശ്ശേരി പഞ്ചായത്തിലെ അഷ്ടാംഗം ആയുര്‍വേദ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃത്താല മണ്ഡലത്തിലെ ഹൈസ്കൂള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള 44 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മൂന്നു വീതം വിദ്യാര്‍ഥി പ്രതിനിധികൾ സഭയിൽ പങ്കെടുത്തു.
മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എങ്ങനെയെന്ന് വിദ്യാര്‍ഥികളില്‍ അവബോധം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട പത്തു പ്രധാന മേഖലകളെ കുറിച്ചും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയും വിദ്യാര്‍ഥികള്‍ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മന്ത്രിയുമായി പങ്കിട്ടു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷത വഹിച്ചു.