മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിന്റെ 125-ാം വാർഷികാഘോഷം നാളെ
1512924
Tuesday, February 11, 2025 2:10 AM IST
വടക്കഞ്ചേരി: ഒന്നേകാൽ നൂറ്റാണ്ടിലേക്ക് കടക്കുന്ന മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നാളെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം ആറിന് നടക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ വകുപ്പ് മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ടീച്ചർ അധ്യക്ഷത വഹിക്കും. പി.പി. സുമോദ് എംഎൽഎ മുഖ്യാതിഥിയാകും. വടക്കഞ്ചേരി സിഐ കെ.പി. ബെന്നി സമാനദാനം നിർവഹിക്കും. സ്റ്റാഫ് സെക്രട്ടറി കെ.പി. സനീഷ് റിപ്പോർട്ട് അവതരിപ്പിക്കും.
ഹെഡ്മിസ്ട്രസ് ടി. ബിന്ദു ജോൺ, സ്കൂൾ മാനേജർ ഓമന ജോസഫ്, പിടിഎ പ്രസിഡന്റ് കെ. ശ്രീകുമാരൻ, എംപിടിഎ പ്രസിഡന്റ് സി.എം. സാജിത, സ്കൂൾ ലീഡർ എസ്. അദ്വൈത് എന്നിവർ പ്രസംഗിക്കും. ഒന്നേകാൽ നൂറ്റാണ്ടിന്റെ സ്മാരകമായി പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധം ലൈബ്രററി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾക്കൊപ്പം മഞ്ഞപ്ര ബ്രദേഴ്സ് സ്പോൺസർ ചെയ്യുന്ന കൊച്ചിൻ കാർണിവൽ ടൈംസിന്റെ ഫെസ്റ്റിവൽ വിഷൻ എന്ന മിനി മെഗാഷോയും അരങ്ങേറും.
പത്രസമ്മേളനത്തിൽ കൺവീനർ പി.വി. ഏലിയാസ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് ടി. ബിന്ദു ജോൺ, അധ്യാപിക സ്നേഹ ജെയ്സൺ എന്നിവർ പങ്കെടുത്തു.