വികസനസാധ്യതകളിലേക്കു വഴിതുറന്ന് നെല്ലിയാന്പതിയിലെ അഗ്രി ഫെസ്റ്റ്
1512265
Sunday, February 9, 2025 1:07 AM IST
നെല്ലിയാമ്പതി: സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ നടക്കുന്ന അഗ്രി-ഹോർട്ടി- ടൂറിസം ഫെസ്റ്റ് നാച്യുറ -25 ജനശ്രദ്ധ ആകർഷിച്ചു മുന്നേറുന്നു. ഫാമിലെ ഫെസ്റ്റ് സന്ദർശിച്ചവരുടെ എണ്ണം ഇതുവരെ പതിനായിരം കടന്നു.
അവധി ദിവസമായതിനാൽ നിരവധി പേരാണ് വിവിധ പ്രദേശങ്ങളിൽനിന്ന് ഫാമിലെ ടൂറിസം ഫെസ്റ്റും നെല്ലിയാമ്പതിയും സന്ദർശിക്കാൻ എത്തിയത്.
കെഎസ്ആർടി സി ഉല്ലാസയാത്രയുടെ ബസുകളും എത്തിയതോടെ സന്ദർശകത്തിരക്കേറി. ഫാമിലെ ഉത്പന്നങ്ങളായ ശീതകാല പച്ചക്കറികളും ജ്യൂസ്, സ്ക്വാഷ്, ജെല്ലി ജാം എന്നിവയുടെ വില്പനയും സജീവമായി. ഓരോ ദിവസവും 50,000 രൂപയ്ക്ക് മുകളിലാണ് വില്പന നടക്കുന്നത്. അഗ്രി ഫോർട്ടി ഫെസ്റ്റ് ഇന്നലെ ജില്ലാ കളക്ടർ ജി. പ്രിയങ്ക സന്ദർശിച്ചു.
കെ. ബാബു എംഎൽഎ, സൂപ്രണ്ട് സാജിദ് അലി എന്നിവർക്കൊപ്പം കളക്ടർ പ്രദർശന തോട്ടങ്ങളും, വിവിധ ഫാമുകളുടെ സ്റ്റാളുകൾ, വൈവിധ്യമാർന്ന പൂക്കളുടെയും ഉത്പന്നങ്ങളുടെയും സ്റ്റാളുകൾ സന്ദർശിച്ചു. നെല്ലിയാമ്പതി ടൂറിസം വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കളക്ടർ വാഗ്ദാനം ചെയ്തു.